മുംബൈ ∙ 1993 മുംബൈ സ്ഫോടനപരമ്പരക്കേസിൽ ഫിറോസ് അബ്ദുൽ റഷീദ് ഖാൻ, താഹിർ മെർച്ചന്റ് എന്നീ പ്രതികൾക്കു ‘ടാഡ’ കോടതി വധശിക്ഷ വിധിച്ചു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയായിരുന്ന അബു സലേം, കരീമുല്ല ഖാൻ എന്നിവർക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതി അബു റിയാസ് സിദ്ദിഖിക്കു 10 വർഷം തടവുമാണു ശിക്ഷ. സലേമിനും കരീമുല്ല ഖാനും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
1993 സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസാണിത്. ആദ്യ കേസിൽ ഉൾപ്പെട്ട പ്രധാന പ്രതികളിലൊരാളായ യാക്കൂബ് മേമനെ 2015ൽ തൂക്കിലേറ്റിയിരുന്നു.
മുംബൈയിൽ 12 ഇടങ്ങളിലായി 1993 മാർച്ച് 12ന് ആണു സ്ഫോടനപരമ്പരയുണ്ടായത്. ആദ്യ കുറ്റപത്രം സമർപ്പിച്ചശേഷം പിടിയിലായ അബു സലേം ഉൾപ്പെടെ ഏഴുപേർക്കെതിരെ രണ്ടാമതു പ്രത്യേകം വിചാരണ നടത്തുകയായിരുന്നു. ഇവരിൽ ആറുപേർ കുറ്റക്കാരാണെന്നു ജൂൺ 16നു കോടതി വിധിച്ചു.
ഇതിൽ പ്രധാന പ്രതിയായ മുസ്തഫ ദോസ ശിക്ഷാ വാദം നടക്കവെ ജൂൺ 28നു മുംബൈ ആർതർ റോഡ് ജയിലിൽ ഹൃദയാഘാതം മൂലം മരിച്ചു.
കൊലക്കയറൂരിയത് പോർച്ചുഗൽ ബന്ധം
അബു സലേമിനു വധശിക്ഷ ഒഴിവായതിനു കാരണം ഇന്ത്യ–പോർച്ചുഗൽ കുറ്റവാളികളെ കൈമാറൽ കരാർ. അബു സലേമിനെ, ചെയ്‌ത എല്ലാ കുറ്റങ്ങൾക്കും ഇന്ത്യയിലെ കോടതിയിൽ വിചാരണ ചെയ്യാമെങ്കിലും വധശിക്ഷയോ 25 വർഷത്തിലേറെ തടവോ നൽകില്ലെന്ന വ്യവസ്‌ഥയിലാണ് ഇന്ത്യയ്ക്കു വിട്ടുതന്നത്. 2002 സെപ്റ്റംബർ 20നാണു അബുസലേമിനെയും കാമുകി മോണിക്ക ബേദിയെയും ലിസ്ബണിൽ ഇന്റർപോൾ അറസ്റ്റ് ചെയ്തത്. ഇരുവരെയും 2005 നവംബർ 11ന് ഇന്ത്യക്കു കൈമാറി.
എവിടെ ദാവൂദ് ഇബ്രാഹിം?
ബാബ്‌റി മസ്ജിദ് തകർത്തതിനു പ്രതികാരമായി ദാവൂദ് ഇബ്രാഹിം, ടൈഗർ മേമൻ, മുഹമ്മദ് ദോസ, മുസ്തഫ ദോസ എന്നിവർ ആസൂത്രണം ചെയ്തതാണു സ്ഫോടനങ്ങളെന്നാണു പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. കാൽനൂറ്റാണ്ട് ആകാറായിട്ടും ദാവൂദിനെയും ടൈഗർ മേമനെയും മുഹമ്മദ് ദോസയെയും പിടികൂടാനായിട്ടില്ല. 123 പ്രതികൾ ഉൾപ്പെട്ട ആദ്യ കേസിൽ നടൻ സഞ്ജയ് ദത്ത് ഉൾപ്പെടെ 100 പേരെയാണു ടാഡ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നത്.