മുംബൈ ∙ നടൻ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 'സഞ്ജു' എന്ന സിനിമ സംവിധാനം ചെയ്ത രാജ്കുമാർ ഹിറാനിക്കും ചിത്രത്തിന്റെ നിർമാതാവിനും എതിരെ അധോലോക കുറ്റവാളി അബു സലേമിന്റെ വക്കീൽ നോട്ടിസ്. സിനിമയിൽ തന്നെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന് ആരോപിച്ചാണ് നോട്ടിസ്.
1993ലെ മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുകയാണ് അബു സലേം. സഞ്ജയ് ദത്തായി സിനിമയിൽ അഭിനയിക്കുന്ന രൺബീർ കപൂറിന്റെ കഥാപാത്രം ആയുധങ്ങൾ കൈവശം എത്തിയതിനെക്കുറിച്ച് കുറ്റസമ്മതമൊഴി നൽകുന്ന സീനിൽ തന്നെക്കുറിച്ച് അപകീർത്തികരമായി പരാമർശിക്കുന്നുണ്ടെന്ന് സലേം പറയുന്നു. സിനിമയിൽ പറയുന്നതുപോലെ ആയുധങ്ങൾ കൈമാറിയിട്ടില്ലെന്നും ഒരിക്കലും സഞ്ജയ് ദത്തിനെ കണ്ടിട്ടില്ലെന്നുമാണ് സലേമിന്റെ വാദം.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആയുധങ്ങൾ സൂക്ഷിച്ച കേസിൽ ആറു വർഷം തടവിന് ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് 2016ലാണ് മോചിതനായത്.