മുംബൈയിൽ കഴിഞ്ഞ മാസം മാത്രം മരിച്ചത് 55 കുഞ്ഞുങ്ങൾ

മുംബൈ ∙ നാസിക് സിവിൽ ഹോസ്പിറ്റലിലെ നവജാതശിശു രക്ഷാകേന്ദ്രത്തിൽ കഴിഞ്ഞ മാസം മാത്രം മരണമടഞ്ഞത് 55 കുഞ്ഞുങ്ങൾ. ഏപ്രിലിനുശേഷം ഇതുവരെ മരണപ്പെട്ടത് 187 ശിശുക്കളാണ്. എന്നാൽ ഇതിൽ ഒരു മരണവും ചികിത്സാവിഭാഗത്തിലെ അലംഭാവം കൊണ്ടല്ലെന്നതാണ് അധികൃതരുടെ നിലപാട്.

രോഗം അതീവഗുരുതരമായ ശേഷം സ്വകാര്യ ആശുപത്രികളിൽനിന്നു കൊണ്ടുവന്ന കുഞ്ഞുങ്ങളാണ് ഇങ്ങനെ മരിച്ചത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളും ശ്വാസകോശ തകരാറുള്ള കു‍ഞ്ഞുങ്ങളുമാണ് ഇതിൽ അധികവും–സിവിൽ സർജൻ സുരേഷ് ജഗ്ദേൽ വ്യക്തമാക്കി. പതിനെട്ട് ഇൻകുബേറ്ററുകളുണ്ടെന്നും കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാവുമ്പോൾ ഒന്നിൽ രണ്ടും മൂന്നും ശിശുക്കളെ കിടത്തേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവസാനഘട്ടത്തിലാണ് കുഞ്ഞുങ്ങളെ ഇവിടെ എത്തിക്കുന്നതെന്നും സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ഇതു സംബന്ധിച്ച നടപടിക്രമം ഉടൻ ഏർപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി ദീപക് സാവന്ത് പറഞ്ഞു.