അഹമ്മദാബാദ്∙ 24 മണിക്കൂറിനുള്ളിൽ ഒൻപതു നവജാതശിശുക്കൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ വിദഗ്ധ സമിതിയെ ഗുജറാത്ത് സർക്കാർ നിയോഗിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ നയിക്കുന്ന സംഘം പ്രാഥമിക അന്വേഷണം നടത്തി ഒരു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സർക്കാർ ആശുപത്രിയിലാണ് ഒറ്റ ദിവസം ഒൻപതു കുട്ടികൾ മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇവിടെ 18 കുട്ടികളാണു മരിച്ചതെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശ്വാസംമുട്ടൽ അടക്കം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളാണു മരിച്ചത്. നേരത്തെ ഉത്തർപ്രദേശിലെ ബിആർഡി ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ അറുപതിലധികം നവജാത ശിശുക്കളാണ് മരിച്ചത്. ഇതിനെതിരെ രാജ്യമെമ്പാടും വൻ പ്രതിഷേധവുമുയർന്നിരുന്നു.