ജ്ഞാനപീഠ പുരസ്കാരം കൃഷ്ണാ സോബ്തിക്ക്

ന്യൂഡൽഹി∙ ഹിന്ദി സാഹിത്യത്തിൽ വ്യത്യസ്തമായ ശൈലിയിലൂടെ കലാപക്കൊടിയുയർത്തിയ നോവലിസ്റ്റും കഥാകാരിയുമായ കൃഷ്ണാ സോബ്തിക്ക് (92) ഈ വർഷത്തെ ജ്ഞാനപീഠ പുരസ്കാരം. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് അവാർഡ്. 53–ാം ജ്ഞാനപീഠ പുരസ്കാരമാണിത്. 

സിന്ദഗിനാമ (1979) എന്ന ആദ്യത്തെ നോവലിലൂടെ ശ്രദ്ധേയയായി. 1980 ൽ ഈ നോവലിനു സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 

ദാർ സേ ബിച്ചൂഡി, മിത്രോ മാർജ്ജനി, യേ ലഡ്കി, ജൈനി മെഹർ ബാൻ സിങ്, ദിൽ ഓ ദാനിഷ് തുടങ്ങിയവയാണു മറ്റു നോവലുകൾ. പത്മഭൂഷൻ ബഹുമതി നൽകിയെങ്കിലും നിരസിച്ചു. 1996 ൽ കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി ആദരിച്ചു. വ്യാസ് സമ്മാൻ, ശിരോമണി പുരസ്കാരം, മൈഥിലീ ശരൺ ഗുപ്ത അവാർഡ് തുടങ്ങിയ ബഹുമതികളും ലഭിച്ചു. 

ഇപ്പോൾ പാക്കിസ്ഥാനിൽപെടുന്ന ഗുജറാത്ത് സിറ്റിയിലാണു കൃഷ്ണാ സോബ്തി ജനിച്ചത്. കൃഷ്ണയുടെ അത്മകഥയുടെ പേരും അതാണ്–‘ഗുജറാത്ത് പാക്കിസ്ഥാൻ സേ ഗുജറാത്ത് ഹിന്ദുസ്ഥാൻ’. 

ജ്ഞാനപീഠ പുരസ്കാരം 

ആദ്യ ജ്‌ഞാനപീഠ പുരസ്‌കാരം നൽകിയത് 1965ലാണ്. 1981 വരെ ഒരു പ്രത്യേക കൃതിക്കാണു നൽകിയത്. എന്നാൽ 1982 മുതൽ ആകെ സാഹിത്യസംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം. ആദ്യ ജ്ഞാനപീഠം ജി.ശങ്കരക്കുറുപ്പിനാണു ലഭിച്ചത്. കൃതി: ഓടക്കുഴൽ. 

പുരസ്കാരം ലഭിക്കുന്ന എട്ടാമത്തെ വനിതയാണു കൃഷ്ണ സോബ്തി. 1976ൽ ആശാപൂർണ ദേവിയാണു ജ്‌ഞാനപീഠം ലഭിച്ച ആദ്യ വനിത. 

ഹിന്ദിക്കാണ് ഏറ്റവും കൂടുതൽ ജ്‌ഞാനപീഠം ലഭിച്ചത്, 11 തവണ. മലയാളം അ‍ഞ്ചുതവണ പുരസ്‌കാരം നേടി.