Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

24 വർഷത്തിന് ശേഷം ഹിമാചലിൽ ചെങ്കൊടി

cpm-flag

ന്യൂഡൽഹി ∙ ഇരുപത്തിനാലു വർഷത്തെ ഇടവേളയ്ക്കു ശേഷം സിപിഎമ്മിനു ഹിമാചൽപ്രദേശിൽ എംഎൽഎ. തിയോഗ് മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി രാകേഷ് സിംഗയുടെ വിജയം പാർട്ടിക്ക് അപ്രതീക്ഷിത നേട്ടമായി. 1993 ൽ ഏറ്റവുമൊടുവിൽ സിപിഎം സ്വന്തമാക്കിയ ഷിംല മണ്ഡലത്തിൽ നിന്നു വിജയിച്ചതും രാകേഷ് ആയിരുന്നു. അന്നു 159 വോട്ടായിരുന്നു ഭൂരിപക്ഷമെങ്കിൽ ഇത്തവണ 1983 ആയി ഉയർന്നു. 

മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ വിദ്യ സ്റ്റോക്സ് മുഖ്യമന്ത്രി സ്ഥാനാർഥിയായ വീരഭദ്ര സിങ്ങിനുവേണ്ടി സീറ്റ് ഒഴിഞ്ഞതു രാകേഷിനു ഗുണം ചെയ്തു. എന്നാൽ, സുരക്ഷിത മണ്ഡലം തേടി വീരഭദ്ര അർകിയിലേക്കു മാറി. വിദ്യാ സ്റ്റോക്സ് അവസാന നിമിഷം സമർപ്പിച്ച നാമനിർദേശ പത്രിക തള്ളിപ്പോയി.

ഇവിടെ പകരം മൽസരിക്കാൻ ഹൈക്കമാൻഡ് നേരിട്ടു രംഗത്തിറക്കിയ യുവ നേതാവ് ദീപക് രഹോർ മൂന്നാമതായി. തന്റെ നാമനിർദേശ പത്രിക തള്ളപ്പെട്ട സാഹചര്യത്തിൽ വിദ്യ പ്രചാരണത്തിനു താൽപര്യമെടുത്തില്ല. വിദ്യ സ്‌റ്റോക്‌സിന്റെ കുടുംബത്തിൽ നിന്നുള്ളയാണു രാകേഷ്. രാകേഷിന് 24,791 വോട്ടു ലഭിച്ചു. ബിജെപിക്ക് 22,808 വോട്ടും കോൺഗ്രസിന്റെ ദീപക്കിന് 9101 വോട്ടും ലഭിച്ചു. 

വിദ്യ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ 21,478 വോട്ട് നേടിയാണു ജയിച്ചത്. അന്നു സിംഗയ്ക്കു ലഭിച്ചത് 10,379 വോട്ടും മൂന്നാം സ്‌ഥാനവും. ഷിംല മുനിസിപ്പൽ കോർപറേഷനിൽ 2012 ൽ മേയർ, ഡപ്യൂട്ടി മേയർ സ്‌ഥാനങ്ങൾ സിപിഎം നേടിയിരുന്നു. ഷിംല നിയമസഭാ മണ്ഡലത്തിൽ ഇത്തവണ ബിജെപി ജയിച്ചെങ്കിലും സിപിഎമ്മിനേക്കാൾ പിന്നിലാണു കോൺഗ്രസ് എന്നതു ശ്രദ്ധേയമാണ്.