എവറസ്റ്റിന്റെ ഉയരമളക്കാൻ പങ്കാളിയാകാമെന്ന ഇന്ത്യയുടെ നിർദേശം നേപ്പാൾ തള്ളി

ന്യൂഡൽഹി ∙ എവറസ്റ്റ് കൊടുമുടിയുടെ ഉയരക്കണക്കെടുപ്പിന് ആരും സഹായിക്കേണ്ടെന്നു നേപ്പാൾ. 2015ലെ ഭൂകമ്പത്തെത്തുടർന്നു കൊടുമുടിയുടെ ഉയരത്തിൽ വ്യത്യാസം വന്നിട്ടുണ്ടെന്ന സംശയങ്ങൾക്കിടെ നടത്തുന്ന കണക്കെടുപ്പിൽ ഇന്ത്യയുടെ സഹായം വേണ്ടെന്നാണു നേപ്പാൾ സർവേ വകുപ്പു വ്യക്തമാക്കിയത്. എവറസ്റ്റുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പങ്കിടണമെന്ന് ഇന്ത്യയോടും ചൈനയോടും അഭ്യർഥിച്ചിട്ടുമുണ്ട്. ഇന്ത്യയുമായി കൈകോർക്കേണ്ടെന്ന നേപ്പാൾ തീരുമാനത്തിനു പിന്നിൽ ചൈനയുടെ കളിയാണെന്നാണു സൂചന.

ഹിമാലയ പർവതത്തിൽ, നേപ്പാളിന്റെയും ടിബറ്റിന്റെയും അതിർത്തിയിലാണു കൊടുമുടി. സംയുക്ത സംരംഭമാക്കാനുള്ള താൽപര്യം വ്യക്തമാക്കിയത് ഇന്ത്യ മാത്രമാണെന്നാണു വിവരം. 2015 ഏപ്രിലിൽ, റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണു നേപ്പാളിനെ പിടിച്ചുകുലുക്കിയത്. എണ്ണായിരത്തിലേറെപ്പേരുടെ ജീവനെടുത്ത ദുരന്തം എവറസ്റ്റ് കൊടുമുടിയുടെ അടിത്തറയിളക്കി ഉയരത്തെ ബാധിച്ചിട്ടുണ്ടാവാമെന്നു ഭൗമശാസ്ത്രജ്ഞർ സംശയിക്കുന്നു. സംയുക്ത സംരംഭമായി വീണ്ടും അളക്കാമെന്ന നിർദേശം ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സർവേ ഓഫ് ഇന്ത്യയാണു മുന്നോട്ടുവച്ചത്. 

തലപ്പൊക്കം കൂടുമോ, കുറയുമോ?

ഔദ്യോഗിക കണക്കുകൾപ്രകാരം 8,848 മീറ്ററാണ് (29,029 അടി) എവറസ്റ്റിന്റെ ഉയരം. ഇത് ആദ്യം ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് 1856ലാണ്. 1975ലും 2005ലും ചൈന എവറസ്റ്റിന്റെ ഉയരം അളന്നിട്ടുണ്ടെന്നു നേപ്പാൾ സർവേ വകുപ്പു പറയുന്നു; 1956ൽ ഇന്ത്യയും സർവേ നടത്തിയെന്നും. വീണ്ടും അളക്കാനുള്ള അടിസ്ഥാനവിവര ശേഖരണം നേപ്പാൾ അധികൃതർ തുടങ്ങിക്കഴിഞ്ഞു. ഉയരം അളക്കാനുള്ള ആരോഹണം 2019ൽ തുടങ്ങും.