ചണ്ഡിഗഡ്∙ മാനഭംഗക്കേസിൽ ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് അനുയായികൾ അഴിച്ചുവിട്ട പ്രക്ഷോഭത്തിൽ ഹരിയാനയ്ക്കുണ്ടായ നഷ്ടം 126 കോടി രൂപ. ഹരിയാന അഡ്വക്കറ്റ് ജനറൽ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണു നാശനഷ്ടം വിലയിരുത്തിയിരിക്കുന്നത്.
പൊതുമുതൽ ഉൾപ്പെടെ വ്യാപകമായി നശിപ്പിക്കപ്പെട്ട അംബാല ജില്ലയിലാണ് ഏറ്റവുമധികം നഷ്ടം– 46.84 കോടി രൂപ. ദേര ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്ന സിർസയിൽ 13.57 കോടിയുടെ നഷ്ടമുണ്ടായി.
പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട പഞ്ച്കുലയിൽ 10.57 കോടി നഷ്ടം കണക്കാക്കുന്നു. സമരക്കാരെ നേരിടാൻ സേനയെ ഉപയോഗിച്ച വകയിൽ ഫത്തേഹാബാദിനു ചെലവായത് 14.87 കോടി. ഗുർമീതിന്റെ അനുയായികൾ അക്രമം അഴിച്ചുവിട്ടതിനെത്തുടർന്നുണ്ടായ പൊലീസ് വെടിവയ്പിൽ 36 പേർ മരിച്ചിരുന്നു.