ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കിയതിനെതിരെ കോൺഗ്രസ് എംഎൽഎ കോടതിയിൽ

അഹമ്മദാബാദ്∙ ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കിയതിനെതിരെ കോൺഗ്രസ് എംഎൽഎ ഭുപേന്ദ്രസിങ് ഖാന്ത് നൽകിയ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി നാളെ വാദം കേൾക്കും. ഖാന്തിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടു ബിജെപിയും കോടതിയെ സമീപിക്കും.

ഖാന്തിന്റെ തിരഞ്ഞെടുപ്പു റദ്ദാക്കുന്ന കാര്യം പരിശോധിക്കുമെന്നു ഗുജറാത്ത് ഉപ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ അശോക് മനേക് പറഞ്ഞു. ഗോത്ര സംവരണ മണ്ഡലമായ മോർവ ഹദഫിൽനിന്നു ജയിച്ച ഭൂപേന്ദ്ര സിങ് ഗോത്ര വർഗക്കാരനല്ലെന്ന് അഞ്ചംഗസമിതി കണ്ടെത്തിയതിനെ തുടർന്നാണു സർട്ടിഫിക്കറ്റ് ഗോത്ര വികസന കമ്മിഷണർ റദ്ദാക്കിയത്.

മണ്ഡലം കൈവിട്ടുപോയതിൽ ബിജെപി പകപോക്കുകയാണെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി. ഖാന്ത് കോൺഗ്രസിൽ ചേർന്നതു കൊണ്ടുമാത്രം സർട്ടിഫിക്കറ്റ് റദ്ദു െചയ്യുകയായിരുന്നെന്നും ഖാന്തിന്റെ ഭാഗം കേൾക്കാതെ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നെന്നും കോൺഗ്രസ് വക്താവ് മനീഷ് ദോഷി വ്യക്തമാക്കി.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വിക്രംസിങ് ദിൻദോറിനെ നാലായിരത്തിലധികം വോട്ടിനു പരാജയപ്പെടുത്തിയാണു ഖാന്ത് ജയിച്ചുകയറിയത്. കോൺഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന ഭാരതീയ ട്രൈബൽ പാർട്ടിയുടെ സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിക്കൊണ്ടായിരുന്നു ഇത്. കോൺഗ്രസിന്റെ അൽപേശ് ദാമോറും പരാജയപ്പെടുകയായിരുന്നു.

അയോഗ്യത കൽപ്പിക്കപ്പെടുകയാണെങ്കിൽ കോൺഗ്രസിന്റെ നിയമസഭയിലെ അംഗബലം ഒന്നു കുറഞ്ഞ് എഴുപത്തേഴാവും.

ഇപ്പോഴത്തെ കക്ഷിനില: ആകെ 182 

ബിജെപി പക്ഷം: ബിജെപി–99 രത്തൻസിങ് റാത്തോഡ് (സ്വത)–1 ആകെ–100

കോൺഗ്രസ് പക്ഷം: കോൺഗ്രസ്–78 ഭാരതീയ ട്രൈബൽ പാർട്ടി–2 ജിഗ്നേശ് മെവാനി–1 ആകെ–81

എൻസിപി–1.