ഗുജറാത്തിൽ ചെറിയ ഭൂരിപക്ഷത്തിൽ തോറ്റ കോൺഗ്രസ് സ്ഥാനാർഥികൾ ഹൈക്കോടതിയിലേക്ക്

അഹമ്മദാബാദ് ∙ ഗുജറാത്തിൽ തിരഞ്ഞെടുപ്പുയുദ്ധം കഴിഞ്ഞു നിയമസഭയുടെ കന്നി സമ്മേളനം തുടങ്ങാനിരിക്കെ, സഭയിലെ കക്ഷിനിലതന്നെ മാറ്റിമറിച്ചേക്കാവുന്ന തിരഞ്ഞെടുപ്പു ഹർജികൾ നിയമ പോരാട്ടത്തിലേക്ക്. ധോൽക മണ്ഡലത്തിൽ വിദ്യാഭ്യാസമന്ത്രി ഭുപേന്ദ്രസിങ് ചുഡാസ്മയോട് 327 വോട്ടിനു പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി അശ്വിൻ രാത്തോഡിനു പിന്നാലെ, ചെറിയ ഭൂരിപക്ഷത്തിൽ തോറ്റ ഇരുപതോളം സ്ഥാനാർഥികൾകൂടി ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി നൽകി.

കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടി ബിജെപി അധികാരം നിലനിർത്തിയിരുന്നു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് 77 സീറ്റുകൾ നേടി. വിമതനായി ജയിച്ച സ്വതന്ത്രൻകൂടി പാളയത്തിലെത്തിയതോടെ കോൺഗ്രസ് അംഗബലം എഴുപത്തെട്ടായി. എന്നാൽ, ഇരുപതോളം മണ്ഡലങ്ങളിൽ 3000 വോട്ടിൽ താഴെയായിരുന്നു ഭൂരിപക്ഷം.

തിരഞ്ഞെടുപ്പു യന്ത്രത്തിലെ തകരാറുകളടക്കം ക്രമക്കേടുകളുണ്ടെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. പോസ്റ്റൽ വോട്ടുകൾ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ടും ഈ മണ്ഡലങ്ങളിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചുമാണു തോറ്റ സ്ഥാനാർഥികൾ നിയമപോരാട്ടത്തിന് എത്തിയിരിക്കുന്നത്. ധാനിലിമ്ദ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ശൈലേശ് പർമാറിന്റെ വിജയവും ഹൈക്കോടതിയിൽ ചോദ്യംചെയ്തിട്ടുണ്ട്. ഇവിടെ ശൈലേഷ് 35,000 വോട്ടുകൾക്കാണു ബിജെപിയിലെ ജിതേന്ദ്ര വഗേലയെ തോൽപിച്ചിരുന്നത്.

അയ്യായിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച ബിജെപി – കോൺഗ്രസ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു ചോദ്യംചെയ്തു മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ രാഹുൽ ശർമ ഫയൽ ചെയ്ത ഹർജിയും ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. നിയമസഭയുടെ ബജറ്റ് സമ്മേളനം 19ന് ആരംഭിക്കും.

ഇപ്പോഴത്തെ കക്ഷിനില: ആകെ 182

ബിജെപി 99, രത്തൻസിങ് രാത്തോഡ് (സ്വത.) 1. ആകെ 100.

കോൺഗ്രസ് 78, ഭാരതീയ ട്രൈബൽ പാർട്ടി 2, ജിഗ്നേശ് മെവാനി 1, ആകെ 81. എൻസിപി 1.

ചെറിയ ഭൂരിപക്ഷത്തിൽ ബിജെപി വിജയിച്ച മണ്ഡലങ്ങൾ: ധോൽക (ഭൂരിപക്ഷം 327), ബൊട്ടാഡ് (906), ധാബായ് (2839), ഫത്തേപുര (2711), ഗരിയാധർ (1876), ഗോധ്ര (258), ഹിമത് നഗർ (1712), ഖമ്പാട്ട് (2318), മതാർ (2406), പോർബന്തർ (1855), പ്രന്തിജ് (2551), രാജ്കോട്ട് റൂറൽ (2179), ഉമ്റേത് (1883), വാഗ്ര (2370), വിജാപുർ (1164), വിസ്നഗർ (2869).