ഗുർമീത് സിങ്ങിന്റെ 40 കൂട്ടാളികൾക്കെതിരെ പണം തട്ടിപ്പു കേസ്

ന്യൂഡൽഹി∙ മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ അഭിഭാഷകനുൾപ്പെടെ അനുയായികളായ 40 പേർക്കെതിരെ ഭീഷണിപ്പെടുത്തൽ, പണം തട്ടിപ്പ് എന്നിവയ്ക്കു കേസെടുത്തു. 80 കോടി വിലവരുന്ന 12.6 ഏക്കർ സ്ഥലം ദേര സച്ച സൗദയ്ക്കുവേണ്ടി വാങ്ങാനായി വ്യവസായിയെ ഭീഷണിപ്പെടുത്തി 40 ലക്ഷം രൂപയും ഒരു ഫ്ലാറ്റും കയ്യടക്കി എന്ന കേസിലാണു സംഘത്തിനെതിരെ പഞ്ച്കുള പൊലീസിൽ പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തിരിക്കുന്നത്.

ഗുർമീത് റാം റഹിം സിങ് കുറ്റക്കാരനെന്നു വിധി വന്ന ഓഗസ്റ്റ് 25നു പഞ്ച്കുളയിൽ കലാപം നടത്തിയതിനു നേരത്തേ ഇവർക്കെതിരെ കേസെടുത്തിരുന്നു. 2002ലെ മാനഭംഗക്കേസുകളിൽ 10 വർഷം വീതം തുടർച്ചയായി തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗുർമീത് റാം റഹിം സിങ് കഴിഞ്ഞ ഓഗസ്റ്റ് 25 മുതൽ ജയിലിലാണ്.