ന്യൂഡൽഹി∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും 1993 മുംബൈ സ്ഫോടനപരമ്പരക്കേസ് പ്രതിയുമായ ഫാറൂഖ് ടക്‌ല (മുഹമ്മദ് ഫാറൂഖ്–57) അറസ്റ്റിൽ. ദുബായിൽനിന്നു ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ ഫാറൂഖിനെ സിബിഐ സംഘമാണു പിടികൂടിയത്. സ്ഫോടനപരമ്പരക്കേസ് പരിഗണിക്കുന്ന മുംബൈയിലെ ടാഡ കോടതി ടക്‌ലയെ 19 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഫാറൂഖിനെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ് നിലവിലുണ്ട്. സിബിഐ സംഘം നടത്തിയ നിരന്തരശ്രമങ്ങൾക്കൊടുവിലാണ് ഇയാളെ യുഎഇയിൽനിന്നു നാടുകടത്താൻ വഴിയൊരുങ്ങിയത്. ഇയാൾ ദാവൂദിന്റെ ഡി കമ്പനിയുടെ ദുബായിലെ പ്രവർത്തനങ്ങളുടെ ചുമതലക്കാരനായിരുന്നുവെന്നു സിബിഐ വൃത്തങ്ങൾ പറഞ്ഞു.
മുംബൈ സ്ഫോടനത്തിനു ശേഷം ദാവൂദിനൊപ്പം ദുബായിലേക്കു കടക്കുകയായിരുന്നു. ദാവൂദിന് ഇന്ത്യയിലേക്കു മടങ്ങാൻ താൽപര്യമുണ്ടായിരുന്നുവെന്നും അതിനു വച്ച ഉപാധികൾ കേന്ദ്രസർക്കാർ അംഗീകരിച്ചില്ലെന്നും ക്രിമിനൽ അഭിഭാഷകൻ ശ്യാം കേസ്വാനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മടങ്ങിയെത്തിയാൽ മുംബൈയിലെ അർതർ റോഡ് ജയിലിൽ പാർപ്പിക്കണമെന്നായിരുന്നു ഉപാധികളിലൊന്ന്.