Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റപ്പെട്ട സർക്കാർ ഒടുവിൽ വഴങ്ങി; ലോങ് മാർച്ചിന് വിജയ സമാപ്തി

Sitaram Yechuri with farmers എല്ലാം ‘നടന്നു’: നാസിക്കിൽ നിന്നും മുംബൈയിലേക്ക് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്തിയ കർഷകറാലി ആസാദ് മൈതാനിൽ എത്തിയപ്പോൾ സമരത്തിന് പിന്തുണയുമായെത്തിയ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി കർഷകർക്കെ‍ാപ്പം. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ

മുംബൈ∙ അവഗണിക്കപ്പെട്ട കർഷകനു ശബ്ദം തിരിച്ചുകിട്ടിയ നിമിഷം. മഹാരാഷ്ട്രാ സർക്കാരിനെ പിടിച്ചുലയ്ക്കുകയും കർഷകപ്രശ്നങ്ങളിൽ രാജ്യാന്തര തലത്തിൽ വരെ ചർച്ചകൾക്കു  വഴിതുറക്കുകയും ചെയ്ത ‘ലോങ് മാർച്ചി’നൊടുവിൽ എല്ലാ ആവശ്യങ്ങളും ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രേഖാമൂലം ഉറപ്പുനൽകി. സമരം അവസാനിപ്പിച്ചതായി സിപിഎം സംഘടനയായ അഖിലേന്ത്യാ കിസാൻ സഭ അറിയിച്ചതോടെ കർഷകർ ഗ്രാമങ്ങളിലേക്കു മടങ്ങിത്തുടങ്ങി. ആദിവാസികളും കർഷകരുമടക്കം അരലക്ഷത്തോളം പേരാണു സമരത്തിനെത്തിയത്.

മഹാരാഷ്ട്രയിൽ വലിയതോതിൽ സ്വാധീനം ഇല്ലാതിരുന്നിട്ടു പോലും കിസാൻ സഭയുടെ സമരത്തിനു പ്രമുഖ പാർട്ടികളുടെയെല്ലാം പിന്തുണ ലഭിച്ചതോടെ ബിജെപി ഏറക്കുറെ ഒറ്റപ്പെട്ടു. ഭരണത്തിൽ സഖ്യകക്ഷിയായ ശിവസേനയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ കടുത്ത സമ്മർദത്തിലായ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഒടുവിൽ നേതാക്കളെ ചർച്ചയ്ക്കു ക്ഷണിക്കുകയായിരുന്നു. 

പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതായും ആദിവാസികൾക്കും കർഷകർക്കും വനഭൂമി കൈമാറുന്ന കാര്യം പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. മറ്റ് ആവശ്യങ്ങൾ നടപ്പാക്കാൻ മന്ത്രിമാരും സമരനേതാക്കളും ഉൾപെട്ട സമിതിയും രൂപീകരിച്ചു. 

yechuri-with-farmers

ഞായറാഴ്ച മുംബൈയിലെത്തി സയണിൽ തമ്പടിച്ച കർഷകർ ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്തേക്കു മാർച്ച് നടത്തിയതു ജനങ്ങൾക്ക് ഒരു തരത്തിലും പ്രയാസമുണ്ടാക്കാതെയാണ്. പത്താം ക്ലാസ് പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികൾക്കു പ്രശ്നമുണ്ടാകാതിരിക്കാനും ഗതാഗത തടസ്സം ഒഴിവാക്കാനുമായി പുലർച്ചെ രണ്ടിനു യാത്ര തുടങ്ങിയവർ അഞ്ചരയോടെ 13 കിലോമീറ്റർ അകലെ ആസാദ് മൈതാനത്തെത്തി. നിയമസഭാ മന്ദിരം വളയുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ചർച്ചയ്ക്കു വിളിച്ചതോടെ തീരുമാനം പിൻവലിച്ചു.

ജനത്തെ കഷ്ടപ്പെടുത്താതെ നടന്ന വേറിട്ട സമരം ഏറെ പ്രശംസ നേടുകയും ചെയ്തു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലായിരുന്നു കർഷകരുടെ വിജയപ്രഖ്യാപനം. പിന്തുണയുമായി ആയിരക്കണക്കിനു പേർ സമരപ്പന്തലിൽ വന്നുപോയി. ആറുദിവസം കൊണ്ടു നാസിക്കിൽനിന്നു മുംബൈയിലേക്കു 180 കിലോമീറ്റർ നടന്നെത്തിയവർക്കു മടങ്ങാൻ സർക്കാരിന്റെ അഭ്യർഥനപ്രകാരം റെയിൽവേ രണ്ടു സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തി. മൂന്നു ട്രെയിനുകളിൽ ഓരോ അധിക കോച്ചും അനുവദിച്ചു.

പ്രധാന തീരുമാനങ്ങൾ

ആദിവാസികൾക്കുള്ള വനഭൂമി കൈമാറ്റം ആറു മാസത്തിനകം പൂർത്തിയാക്കും. വായ്പ ഇളവിനുള്ള കാലാവധി  2016 ജൂൺ മുപ്പതിൽ നിന്ന് ഒരു വർഷത്തേക്കു കൂടി നീട്ടി. ഇതുവരെ, 2009നു ശേഷമുള്ള വായ്പയാണ് എഴുതിത്തള്ളിയിരുന്നത്. 2001 മുതലുള്ള വായ്പകൾ ഇളവുപരിധിയിൽ ഉൾപ്പെടുത്തി. കാർഷികോപകരണങ്ങൾക്കു വേണ്ടിയുള്ള ഒന്നരലക്ഷം രൂപയുടെ വായ്പകളും കടം പദ്ധതിയിൽ ഉൾപ്പെടുത്തി.

ഒരു കുടുംബത്തിൽ ഒരാൾക്ക് ഒന്നരലക്ഷം രൂപ കടാശ്വാസ പരിധി നിശ്ചയിച്ചിരുന്നത് അംഗങ്ങൾക്കെല്ലാമായി ഒന്നരലക്ഷം രൂപ കടാശ്വാസം ലഭിക്കുന്ന വിധത്തിലാക്കി. കടം പൂർണമായി എഴുതിത്തള്ളണമെന്ന ആവശ്യത്തിൽനിന്നു പിന്നോട്ടില്ലെന്നു കർഷക നേതാവായ അജിത് നവാളെ അറിയിച്ചു.