വെയിലിൽ പൊള്ളിക്കുമളിച്ച പാടം പോലെ മഹാരാഷ്ട്രയിൽ കർഷകർ നീറാൻ തുടങ്ങിയിട്ടു കാലങ്ങൾ. വിദർഭയും മറാഠ്‌വാഡ മേഖലയും കർഷക ആത്മഹത്യകളുടെ തുടർക്കഥകളായി.
പ്രതിപക്ഷത്തിന്റെയും ബിജെപി സർക്കാരിലെ സഖ്യകക്ഷി ശിവസേനയുടെയും സ്വാഭിമാനി ഷേത്കാരി സംഘടനയുടെയും നേതൃത്വത്തിൽ കഴിഞ്ഞവർഷം കർഷക പ്രതിഷേധം കൊടുമ്പിരിക്കൊണ്ടപ്പോൾ കടങ്ങൾ എഴുതിത്തള്ളുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 1.36 ലക്ഷം കോടി കർഷകരിൽ 89 ലക്ഷം കർഷകർക്കു ഗുണം ലഭിക്കുമെന്ന് ആദ്യം അറിയിച്ചെങ്കിലും ഇതിൽ 31 ലക്ഷം കർഷകർ കടാശ്വാസത്തിന് അർഹരല്ലെന്ന പ്രഖ്യാപനം പിന്നാലെയെത്തി.
ആളുമാറി എംഎൽഎമാർക്കു വരെ കടാശ്വാസത്തുക ബാങ്കിൽ നിക്ഷേപിക്കപ്പെട്ടതോടെ പദ്ധതിയുടെ വിശ്വാസ്യതയും പാളി.