ഹൈദരാബാദ് ∙ 2015 ഏപ്രിൽ 18നു വിശാഖപട്ടണത്തു സംഭവിച്ചതു 2018 ഏപ്രിൽ 21നു ഹൈദരാബാദിലും സീതാറാം യച്ചൂരിക്കു സംഭവിച്ചു. രാത്രിയല്ല, പിറ്റേന്നു വെളുപ്പിനു മാത്രമാണ് ഉറങ്ങാൻ സാധിച്ചത്. വിശാഖപട്ടണത്ത് അതു വെളുപ്പിനെ രണ്ടിനും ഹൈദരാബാദിൽ നാലിനുമെന്നൊരു വ്യത്യാസം മാത്രം. രണ്ടിടത്തും ആ ഉറക്കമിളപ്പു ഫലം കണ്ടു.
രാത്രി വൈകിയും ചർച്ചയിലൂടെ യച്ചൂരിയെ അനുനയിപ്പിക്കാൻ ശ്രമിച്ച പ്രകാശ് കാരാട്ടാണു വിശാഖപട്ടണത്ത് ഉറക്കം മുടക്കിയത്. കാരാട്ടിന്റെയും കൂട്ടരുടെയും നീക്കങ്ങൾ തടയാൻ ബംഗാൾ നേതാക്കളുമായി വെളുക്കുവോളം നടത്തിയ ചർച്ചയാണു ഹൈദരാബാദിലെ ഉറക്കം കളഞ്ഞത്. കഴിഞ്ഞദിവസം ചേർന്ന പൊളിറ്റ്ബ്യൂറോയിൽ തീരുമാനമെടുക്കാൻ കഴിയാത്തതിനാലാണു ചർച്ച വേണ്ടിവന്നത്. ഇന്നലെ രാവിലെ ഒൻപതിനു വീണ്ടും കൂടാമെന്ന ധാരണയിലാണു തലേന്നു രാത്രി പിബി പിരിഞ്ഞത്.
പിബി യോഗം രാത്രി
പിബിയിലെ പ്രധാനതർക്കം ഏതാനും പേരുകളെച്ചൊല്ലിയായിരുന്നു. എസ്.രാമചന്ദ്രൻ പിള്ള, എ.കെ.പത്മനാഭൻ, ജി.രാമകൃഷ്ണൻ എന്നിവരെ പിബിയിൽ നിന്ന് ഒഴിവാക്കാൻ പാടില്ലെന്നു കാരാട്ടും കൂട്ടരും. ഒഴിവാക്കണമെന്നു മറുപക്ഷം. പ്രായപരിധി വ്യവസ്ഥ പാലിച്ച് ഒഴിവാകാൻ എസ്ആർപി തയാറായിരുന്നു, സിഐടിയുവിന്റെ മറ്റൊരു പ്രതിനിധിയെ ഉൾപ്പെടുത്തേണ്ടിവരുമെന്ന് എകെപിക്ക് അറിയാമായിരുന്നു. ജി.രാമകൃഷ്ണനും യച്ചൂരിയുടെ പക്ഷത്തല്ല. വേണ്ടാത്ത ഈ തർക്കം തന്നെ വാസ്തവത്തിൽ ഇനി ജനറൽ സെക്രട്ടറിയാവാൻ താനില്ലെന്നു പറയിക്കാനാണെന്ന് യച്ചൂരി വിലയിരുത്തി. നാളെക്കാണാമെന്നു മാത്രം തീരുമാനിച്ചു പിബി പിരിഞ്ഞു.
പിബി യോഗം രാവിലെ
യച്ചൂരിയും പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും ഒരുമിച്ചാണു രാവിലെ പിബിക്കായി ഹോട്ടലിൽ നിന്നിറങ്ങിയത്. യച്ചൂരിയുടെ മുഖത്തെ ഉറക്കച്ചടവു കണ്ട് കൂടുതൽ ക്ഷീണിപ്പിക്കേണ്ടെന്നു കരുതിയാവാം, കാരാട്ടും വൃന്ദയും യച്ചൂരിയോട് ഒന്നും പറഞ്ഞില്ല. ഗുഡ് മോണിങ്! എന്നു പറഞ്ഞാൽ, ആർക്ക് എന്ന മറുചോദ്യത്തിനു മടിക്കില്ലാത്തയാളാണ് യച്ചൂരി. രാവിലത്തെ പിബിയിൽ പഴയ പേരുകളല്ല, പ്രധാന പദവിയായിരുന്നു മുഖ്യ ചർച്ച.
മണിക് സർക്കാരിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കാവുന്നതാണെന്ന് എസ്ആർപിയാണു പറഞ്ഞത്. അങ്ങനെ പ്രഖ്യാപിച്ചാൽ എന്താവും യച്ചൂരിയുടെ തീരുമാനമെന്നു ചോദ്യമുണ്ടായി. അതെന്തിനു താൻ പിബിയോടു വെളിപ്പെടുത്തണമെന്നായിരുന്നു ലഭിച്ച ഉത്തരം. കാരാട്ട് പക്ഷത്തിനു സ്ഥാനാർഥിയുണ്ടെങ്കിൽ യച്ചൂരി മൽസരിക്കുമെന്നും കേന്ദ്ര കമ്മിറ്റിയിലേക്കും മൽസരമാവാമെന്നും യച്ചൂരിപക്ഷം തീരുമാനിച്ചിരുന്നു.
യച്ചൂരി ഇങ്ങനെകൂടി പറഞ്ഞു: ‘നിങ്ങൾ മണിക് സർക്കാരിനെ സ്ഥാനാർഥിയാക്കുന്നതു രാഷ്ട്രീയമായി അബദ്ധമാവും. മറ്റാരെയെങ്കിലും പരിഗണിക്കുക. കാരണം, മണിക് ത്രിപുരയിൽനിന്നു തോറ്റുവന്ന നേതാവാണ്. പരാജയത്തിനുശേഷം നേതാവ് തങ്ങളെ ഉപേക്ഷിക്കുന്നുവെന്നു ത്രിപുരക്കാർ കരുതും.’ പറയുന്നതു യച്ചൂരിയാണെങ്കിലും അതിൽ കാര്യമുണ്ടെന്നു തിരിച്ചറിഞ്ഞ മണിക്കും പറഞ്ഞു: യച്ചൂരി പറഞ്ഞതു ശരിയാണ്. തങ്ങളുടെ ‘ബെസ്റ്റ് ബെറ്റ്’ തന്നെ താൽപര്യമില്ലെന്ന മട്ടു കാണിച്ചപ്പോൾ കാരാട്ടും കൂട്ടരും ആ വിഷയം വിടാമെന്ന തീരുമാനത്തിലെത്തി.
പാർട്ടി സെന്ററിനു പ്രവർത്തിക്കാൻ എസ്ആർപി വേണമെന്ന വാദത്തെ എതിർക്കാൻ യച്ചൂരിപക്ഷം ശ്രമിച്ചില്ല. പഞ്ചാബിലെ സംസ്ഥാന സമ്മേളനത്തിനു ശേഷം അദ്ദേഹം തീർത്തും കാരാട്ട്പക്ഷം എന്നു പറയാവുന്ന സ്ഥിതിയിലല്ലതാനും. രാമകൃഷ്ണൻ ഏറെയും ചെന്നൈയിലായിരിക്കുമെന്നതിനാൽ ജനറൽ സെക്രട്ടിക്കെതിരെയുള്ള ദൈനംദിന ഭൂരിപക്ഷത്തിനായി അവെയ്‌ലബിൾ പിബിയിൽ കൈപൊക്കില്ലെന്നും അവർ വിലയിരുത്തി. ബംഗാളിൽനിന്നു രണ്ടുപേരെ ഉൾപ്പെടുത്തുന്നതു വലിയ കാര്യമെന്നും. സിസിയിലെ പേരുകളെക്കുറിച്ചു ദീർഘചർച്ച വേണ്ടിവന്നില്ല.