സിപിഐ പാർട്ടി കോൺഗ്രസിന് ഇന്നു കൊടിയുയരും

സിപിഐ 23ാം പാർട്ടി കോൺഗ്രസ് കേന്ദ്ര സംഘാടക സമിതി ഓഫിസ് കവാടം. ചിത്രം: രാജൻ എം. തോമസ്.

കൊല്ലം ∙ സിപിഐ 23-ാം പാർട്ടി കോൺഗ്രസിന് ഇന്നു കൊല്ലത്തു കൊടിയുയരും. പതാക, ദീപശിഖ, കൊടിമര ജാഥകൾ അ‍ഞ്ചിനു സമ്മേളന നഗറിൽ സംഗമിക്കും. കടപ്പാക്കട സ്പോർട്സ് ക്ലബ് അങ്കണത്തിൽ (സി.കെ.ചന്ദ്രപ്പൻ നഗർ) ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി പതാക ഉയർത്തും. സാംസ്കാരിക പരിപാടികൾ തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ ഉദ്ഘാടനം ചെയ്യും. 

നാളെ ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ (എ.ബി.ബർദൻ നഗർ) പ്രതിനിധി സമ്മേളനം തുടങ്ങും. 902 പ്രതിനിധികൾ പങ്കെടുക്കും. കരട് രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോർട്ട് എന്നിവയിൽ 27നും 28നും ചർച്ച. 29ന് ഒരു ലക്ഷം ചുവപ്പ് വൊളന്റിയർമാരുടെ പ്രകടനത്തിനു ശേഷം പൊതുസമ്മേളനം.