Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഗരം ചുവപ്പിച്ചു സിപിഐ കോൺഗ്രസിനു സമാപനം

cpi-march സിപിഐ പാർട്ടി കോൺഗ്രസിന്റെ സമാപനത്തോടനുബന്ധിച്ചു കൊല്ലത്തു നടന്ന റെഡ് വൊളന്റിയർ മാർച്ചിനു മുന്നിലെ തുറന്ന ജീപ്പിൽ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി അണികളെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൻ.അനിരുദ്ധൻ, പന്ന്യൻ രവീന്ദ്രൻ എന്നിവർ സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

കൊല്ലം ∙ വിപ്ലവവീര്യമുള്ള മണ്ണ് ഒരിക്കൽക്കൂടി ചുവന്നു. ചെമ്മാനം പോലെ പുരുഷാരം നഗരം കീഴടക്കിയ സായാഹ്നത്തിൽ സിപിഐയുടെ 23–ാം പാർട്ടി കോൺഗ്രസിന് ഉജ്വല സമാപനം. ബിജെപിക്കെതിരെ വിശാല ഇടതു– മതനിരപേക്ഷ– ജനാധിപത്യ സഖ്യം രൂപപ്പെടുത്തുമെന്നു ലക്ഷം പേരുടെ ചുവപ്പു വൊളന്റിയർ സേനയെ അഭിസംബോധന ചെയ്തു ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി പ്രഖ്യാപിച്ചതു ജനസാഗരം കയ്യടിയോടെ സ്വീകരിച്ചു. 

ഭീകരമായ ഭരണമാണു നരേന്ദ്രമോദി നടത്തുന്നതെന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ റെഡ്ഡി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ കേന്ദ്രസർക്കാർ അട്ടിമറിക്കുകയാണ്. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും തകർക്കുന്നു. എട്ടു വയസ്സുള്ള കുട്ടിപോലും മതത്തിന്റെ പേരിൽ പീഡനത്തിന് ഇരയായി മാറുന്നു. കുട്ടികളെ പീഡിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുന്നില്ല. പൊതുജനങ്ങളെ വൻതോതിൽ കൊള്ളയടിക്കുന്ന സാമ്പത്തിക നയങ്ങളാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പാർട്ടി കോൺഗ്രസ് സ്വാഗതസംഘം ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, നേതാക്കളായ ഡി.രാജ, ബിനോയ് വിശ്വം, കനയ്യകുമാർ, എൻ.അനിരുദ്ധൻ തുടങ്ങിയവർ പ്രസംഗിച്ചു.

ചരിത്രമുറങ്ങുന്ന കന്റോൺമെന്റ് മൈതാനത്തു നിന്നു ചുവപ്പുസേന നഗരത്തിലേക്ക് ഒഴുകി റെയിൽവേ സ്റ്റേഷൻ, ചിന്നക്കട വഴി ചെങ്കോട്ടയുടെ മാതൃകയിൽ നിർമിച്ച ആശ്രാമത്തെ പൊതുസമ്മേളന നഗരിയിലെത്തിയപ്പോഴും സായംസന്ധ്യയായി. സിപിഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടനത്തിനാണു കൊല്ലം നഗരം സാക്ഷ്യം വഹിച്ചത്.