Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുനരൈക്യം, സമയമാകുമ്പോൾ

Author Details
S Sudhakar Reddy

സിപിഐയുടെ മുൻഗണനകൾ, കമ്യൂണിസ്റ്റ് പാർട്ടികളുടെ പുനരൈക്യം... ഇവയെക്കുറിച്ചൊക്കെ, മൂന്നാം തവണയും സിപിഐ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ്.സുധാകർ റെഡ്ഡി സംസാരിക്കുന്നു.

ഇന്നലെ വളരെ വൈകിയുള്ള ഉച്ചയൂണിനിടെയാണ് എസ്.സുധാകർ റെഡ്ഡി സംസാരിച്ചത്. ഉത്തരങ്ങൾക്കിടയിലും അസ്സലായി കരിമീൻ നുള്ളിക്കഴിച്ചു, ഒരു മുള്ളുപോലും പ്രശ്നമായില്ല. വീണ്ടും വി‌ളമ്പാൻ പ്രവർത്തകർ തയാറായി നിന്നു. പക്ഷേ, അദ്ദേഹം വിലക്കി. ഡൽഹിയിൽ പാർട്ടി ആസ്ഥാനമായ അജോയ് ഭവനിൽ മലയാളി നടത്തുന്ന കന്റീനിലെ വിഭവങ്ങളെക്കാൾ എരിവു കുറവാണു കറികൾക്കൊക്കെയെന്ന് ചോദ്യത്തിന് ഉത്തരമായല്ലാതെ അദ്ദേഹം പറഞ്ഞു.

∙ ഇപ്പോൾ സിപിഐയുടെ മുൻഗണനാ പട്ടികയിൽ എന്തൊക്കെയുണ്ട്?

പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തണം. ഇടതു പാർട്ടികൾക്കായി ബദൽ നയങ്ങൾ മുന്നോട്ടുവച്ച് സമരങ്ങൾ നടത്തണം. വിശാലമായ മതനിരപേക്ഷ, ജനാധിപത്യ, ഇടതുവേദി കെട്ടിപ്പടുക്കണം. 

∙ പാർട്ടിയെ കൂടുതൽ പ്രസക്തമാക്കുന്നതെങ്ങനെ?

സമരങ്ങളിലൂടെ, ശക്തമായ സമരങ്ങളിലൂടെ. അതിനായി  ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തൊഴിലിനുള്ള കൂലി – കാർഷിക മേഖലയിലെ   മാത്രമല്ല, അസംഘടിത മേഖലയിലെ യും മിനിമം കൂലി, പൊതുമേഖലയുടെ സംരക്ഷണം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവയൊക്കെ ഉടനടി ഏറ്റെടുക്കേണ്ട പൊതു പ്രശ്നങ്ങളാണ്.

∙ കോൺഗ്രസുമായി ധാരണയുണ്ടാവില്ലെന്ന നിലപാടു തിരുത്തി ഹൈദരാബാദിൽ പ്രമേയം പാസാക്കി. എന്നാൽ‍, ആ വിഷയത്തിൽ‍ സിപിഎമ്മിൽ തർക്കം തുടരുകയാണ്. അവരുമായി ഒത്തൊരുമിച്ച് എങ്ങനെ പ്രവർത്തിക്കും?

രണ്ടു പാർട്ടികളും തമ്മിൽ കാര്യമായ അഭിപ്രായ ഭിന്നതയില്ല. സിപിഎമ്മിൽ ഇപ്പോഴുമുണ്ടെന്നു പറയുന്ന തർക്കത്തെക്കുറിച്ചാണെങ്കിൽ, അവർ ഏകകണ്ഠമായാണ് രാഷ്ട്രീയ പ്രമേയം പാസാക്കിയത്. അതുകൊണ്ടുതന്നെ അവിടെ ഭിന്നതയുടെ പ്രശ്നമില്ല. അവർ പറയുന്നത് ആരുമായും സഖ്യമില്ലെന്നാണ്. പ്രത്യേകിച്ച്, ഇടതല്ലാത്ത പാർട്ടികളുമായി.

കോൺഗ്രസ് ഉൾപ്പെടെ മറ്റൊരു ബൂർഷ്വാ പാർട്ടിയുമായും സഖ്യത്തിനില്ലെന്നാണ് ഞങ്ങളുടെയും നിലപാട്. സമരങ്ങളിൽ എല്ലാവരും ഒന്നിച്ചുനിൽക്കണം. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെ എല്ലാ മതനിരപേക്ഷ പാർട്ടികളുമായും ധാരണയുണ്ടാക്കാൻ ഞങ്ങൾ താൽപര്യപ്പെടുന്നു.

∙ പ്രമേയം പാസാക്കിയിട്ടും സിപിഎമ്മിൽ തർക്കം തുടരുന്നതിനെക്കുറിച്ചാണു ചോദിച്ചത്?

സംവാദങ്ങൾ സ്വാഭാവികമാണ്. പക്ഷേ, പ്രമേയം പാസാക്കിക്കഴിഞ്ഞാൽ പാർട്ടിയിലെ എല്ലാവർക്കും അതു ബാധകമാണ്.

∙ സിപിഎമ്മുമായി പുനരൈക്യമെന്നത് നിങ്ങളുടെ അജന്‍ഡയിലെ അടിയന്തര വിഷയമാണോ?

അതെ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരൈക്യം വേണം. അതാണു ഞങ്ങളുടെ നിലപാട്. ഞങ്ങൾ ഇതു പറഞ്ഞുകൊണ്ടേയിരിക്കും. സമയം പാകമാകുമ്പോൾ പുനരൈക്യ പ്രക്രിയ തുടങ്ങും.

∙ ഇക്കാര്യത്തിൽ‍ ഉടനെ സിപിഎമ്മുമായി ചർച്ച ആലോചിക്കുന്നുണ്ടോ?

പുനരൈക്യം എന്നത് ഏറെക്കാലത്തേക്കു മാറ്റിവയ്ക്കാനാവില്ല. എത്രയും വേഗം ചർച്ച ചെയ്യേണ്ടതുണ്ട്. എന്നാൽ, അത് അടിച്ചേൽ‍പിക്കാനുമാവില്ല.

∙ നിങ്ങൾ അതിനായി എടുക്കുന്ന ചുവടുകൾ?

ഞങ്ങളുടെ ചുവടെന്നത് അഭ്യർഥന മാത്രമാണ്. ഞങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. പുനരൈക്യത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നാണു പ്രതീക്ഷ.

∙ കേരളത്തിലെ എൽഡിഎഫിനോടു പറയാനുള്ളതെന്താണ്? കേരള കോൺഗ്രസി (എം) നെ എൽഡിഎഫിൽ ഉൾപ്പെടുത്തണമോയെന്നതിലുൾപ്പെടെ തർക്കം അവസാനിക്കുന്നില്ല.

ഞങ്ങൾ രണ്ടു പാർട്ടികളാണ്. അതുകൊണ്ടുതന്നെ, അഭിപ്രായ ഭിന്നതകൾ സ്വാഭാവികം. ഞങ്ങൾ തമ്മിൽ രാഷ്ട്രീയ പ്രശ്നങ്ങളില്ല. പ്രായോഗികതലത്തിൽ, ചില കാര്യങ്ങൾ നടപ്പാക്കുമ്പോൾ ഭിന്നതകളുണ്ടാവും. അപ്പോൾ, ഞങ്ങൾ ഒൗദ്യോഗികമായല്ലാതെ ഇടപെടും. വിഷയം പരസ്യമായിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ ഞങ്ങളും പരസ്യമായി നിലപാടു പറ‌യും. അതിനർഥം, ഞങ്ങൾ തമ്മിൽ  കൊമ്പുകോർക്കുകയാണ് എന്നല്ല. ഞങ്ങൾക്കു സിപിഎമ്മുമായി നല്ല ബന്ധമാണ്.

∙ നിങ്ങളുടെ പാർട്ടി കോൺഗ്രസിൽ നേതൃത്വം നിശിതമായി വിമർശിക്കപ്പെട്ടു. നേതൃമാറ്റം വേണമെന്ന്, കൂടുതൽ പുതുരക്തം പാർട്ടിയുടെ നേതൃനിരയിൽ വേണമെന്ന് ആവശ്യമുയർന്നു. എന്നാൽ, താങ്കൾ മൂന്നാം തവണയും തുടരട്ടെയെന്നാണ് പാർട്ടി തീരുമാനം.

ഞാൻ തുടരട്ടെയെന്ന തീരുമാനത്തെക്കുറിച്ചു മറ്റു നേതാക്കളാണു പറയേണ്ടത്. കൂടുതൽ‍ ചെറുപ്പക്കാരെ കൊണ്ടുവരണം എന്നതിന് മറ്റുള്ളവരെല്ലാം പുറത്തുപോകണമെന്ന് അർഥമില്ല. ഞാൻ കുറച്ചുകാലംകൂടി തുടരണമെന്ന് പാർട്ടി താൽപര്യപ്പെട്ടു. രണ്ടു തവണ കഴിഞ്ഞാൽ ജനറൽ സെക്രട്ടറി മാറണമെന്നാണ്. മൂന്നാം തവണയും തുടരണമെങ്കിൽ ദേശീയ കൗൺസിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അത് അംഗീകരിക്കണം. ഞാൻ തുടരണമെന്നത് ഏകകണ്ഠമായ തീരുമാനമായിരുന്നു.

∙ എന്തുകൊണ്ട് ഡപ്യൂട്ടി ജനറൽ സെക്രട്ടറി വേണ്ടെന്നു തീരുമാനിച്ചു?

ഞങ്ങൾക്കു ചിലപ്പോഴൊക്കെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഉണ്ടാവും, ചിലപ്പോഴില്ല. ഇത്തവണ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല.  ഇപ്പോൾ വേണ്ടെന്നു തീരുമാനിച്ചു. പിന്നീട് ഡപ്യൂട്ടി ജനറൽ സെക്രട്ടറിയെ നിശ്ചയിച്ചേക്കും. ഡപ്യൂട്ടി ജനറൽ സെക്രട്ടറിയാകാൻ യോഗ്യതയുള്ള ഒട്ടേറെ സഖാക്കളുണ്ട്. പലരും ജനറൽ സെക്രട്ടറിപദത്തിനും യോഗ്യരാണ്.

∙ ദലിത് മുന്നേറ്റത്തിന്റെ കാലത്ത് ദലിത് പ്രാതിനിധ്യം കൂട്ടാനുള്ള ശ്രമങ്ങൾ?

ഞങ്ങളുടെ നേതൃനിരയിൽ, ദേശീയ സെക്രട്ടേറിയറ്റിൽ ദലിതരുണ്ട്. നിർവാഹക സമിതിയിലുമുണ്ട്. ഇത്തവണ പുതുതായും ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ കൗൺസിലിലും ഒട്ടേറെപ്പേരുണ്ട്.

∙ സിപിഎമ്മിൽ സീതാറാം യച്ചൂരിയുടെ സ്ഥിതി താങ്കളെപ്പോലെയല്ല, മേൽസമിതികളിൽ അദ്ദേഹത്തിനു ഭൂരിപക്ഷമില്ല. അദ്ദേഹവുമായി ചേർന്നുള്ള പ്രവർത്തനം എളുപ്പമാവുമോ?

ഭൂരിപക്ഷമില്ലെങ്കിൽ യച്ചൂരി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടില്ലായിരുന്നു. അവർക്കിടയിൽ അഭിപ്രായ ഭിന്നതകളുണ്ടായിരിക്കാം. പക്ഷേ, അദ്ദേഹത്തെ ഏകകണ്ഠമായാണ് ഹൈദരാബാദിലും തിരഞ്ഞെടുത്തിരിക്കുന്നത്.