സിബിഎസ്ഇ 12–ാം ക്ലാസ്: ഒന്നും രണ്ടും റാങ്ക് ഹ്യുമാനിറ്റീസിൽ; ഭിന്നശേഷി വിഭാഗത്തിൽ ഒന്നാം റാങ്ക് പാലക്കാട്

മേഘ്ന ശ്രീവാസ്തവ, നന്ദ വിനോദ്, മേഹൽ ഭരത്‌വാൾ,. വിജയ് ഗണേശ്.

ന്യൂഡൽഹി∙ സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷയിൽ‍ ആദ്യ രണ്ടു റാങ്കുകളും ഹ്യുമാനിറ്റീസ് പാഠ്യവിഷയമാക്കിയ പെൺകുട്ടികൾക്ക്. ഉത്തർപ്രദേശിലെ നോയിഡ സ്റ്റെപ് ബൈ സ്റ്റെപ് സ്കൂളിലെ മേഘ്ന ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. 500 ൽ 499 മാർക്ക്. മേഘ്നയ്ക്ക് ഒരു മാർക്കു കുറഞ്ഞത് ഇംഗ്ലിഷിൽ മാത്രം. യുപിയിലെ തന്നെ ഗാസിയാബാദ് എസ്എജെ സ്കൂളിലെ അനൗഷ്ക ചന്ദ്ര (498) രണ്ടാം റാങ്ക് നേടി. അനൗഷ്കയ്ക്കു രണ്ടു മാർക്ക് പോയതും ഇംഗ്ലിഷിൽ തന്നെ. 497 മാ‌ർക്ക് വീതം നേടി ഏഴു കുട്ടികൾ മൂന്നാം റാങ്ക് പങ്കിട്ടു. 

കേരള റീജനിൽ സയൻസിൽ നന്ദ വിനോദ്, കൊമേഴ്സിൽ മേഹൽ ഭരത്‌വാൾ, ഹ്യുമാനിറ്റീസിൽ കസ്തൂരി ഷാ എന്നിവർ ഒന്നാമതെത്തി. മൂന്നു പേർക്കും 496 മാർക്ക് വീതമാണ്. ഭിന്നശേഷിയുള്ള വിദ്യാർഥികളുടെ വിഭാഗത്തിൽ ദേശീയതലത്തിലെ ഒന്നാം റാങ്ക് പാലക്കാട് കൊപ്പം ലയൺസ് സ്കൂളിലെ എ. വിജയ് ഗണേശിനാണ് (492 മാർക്ക്). മേഖലാടിസ്ഥാനത്തിൽ ഏറ്റവുമധികം കുട്ടികളെ വിജയിപ്പിച്ചതു തിരുവനന്തപുരമാണ് – 97.32%. ചെന്നൈ രണ്ടാമതും (93.87) ഡൽഹി മൂന്നാമതും (89).  

വിജയം കഴിഞ്ഞ വർഷത്തെക്കാൾ ഒരു ശതമാനത്തോളം കൂടി – 83.01. പരീക്ഷയെഴുതിയ 88.31% ‌പെൺകുട്ടികളും വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 78.99.

കുട്ടികളിൽ 12,737 പേർ 95 ശതമാനത്തിലേറെ മാർക്ക് നേടി; 72,599 കു‌ട്ടികൾ 90 ശതമാനത്തിലേറെയും. ഭിന്നശേഷിക്കാരായ 25 കു‌‌ട്ടികൾക്കു 95 ശതമാനത്തിലേറെ മാർക്കുണ്ട്. 11,06,772 കുട്ടികളാണു ‌പരീക്ഷയെഴുതിയത്. 

ഭിന്നശേഷിക്കാരിൽ രാജ്യത്ത് ഒന്നാമതെത്തിയ വിജയ് ഗണേഷ്, വാളയാർ മലബാർ സിമന്റ്സ് ചീഫ് എൻജിനീയർ കൊപ്പം ശേഷാദ്രി നഗർ ഐശ്വര്യ റസിഡൻസിയിൽ കെ.എസ്. അനന്തനാരായണന്റെയും എൽഐസി അസിസ്റ്റന്റ് എൻ. സുഭാഷിണിയുടെയും മകനാണ്. 

സയൻസിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ നന്ദ വിനോദ് കണ്ണൂർ കേന്ദ്രീയവിദ്യാലയം വിദ്യാർഥിയാണ്. കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പള്ളിക്കുന്ന് വി. വിനോദിന്റെയും കേന്ദ്രീയവിദ്യാലയം അധ്യാപിക സിന്ധു ആർ. മേനോന്റെയും മകളാണ്. 

കൊമേഴ്സ് വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ മേഹൽ ഭരത്‌വാൾ (കൊച്ചി നേവി ചിൽഡ്രൻസ് സ്കൂൾ) നേവൽ ബേസിലെ ലഫ്റ്റനന്റ് കേണൽ രാകേഷ് ഭരത്‌വാളിന്റെയും ആർമി മുൻ ക്യാപ്റ്റൻ അൽപനയുടെയും മകളാണ്. ഹ്യുമാനിറ്റീസിൽ ഒന്നാമതെത്തിയ കസ്തൂരി ഷാ (തിരുവനന്തപുരം വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയം) ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ചിറയിൻകീഴ് കൂന്തള്ളൂർ എം. എം. ഷാഫിയുടെയും കൊല്ലം ടികെഎം കോളജ് പ്രഫസർ എം. ജെ. ഷീബയുടെയും മകളാണ്.