Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശകലനത്തിന് ഊന്നൽ; സിബിഎസ്ഇ പരീക്ഷകൾ പരിഷ്കരിക്കും

ന്യൂഡൽഹി ∙ വിശകലനം ചെയ്തും ഹ്രസ്വമായും ഉത്തര‌മെഴുതേണ്ട ചോദ്യങ്ങൾക്കു പ്രാധാന്യം നൽകി 10, 12 ക്ലാസ് പരീക്ഷാസമ്പ്രദായം പരിഷ്കരിക്കാൻ സിബിഎസ്ഇ. പ്രശ്നപരിഹാര ചോദ്യങ്ങൾക്കും മുൻതൂക്കം നൽകും. തൊഴിൽപരിചയ പരീ‌ക്ഷകൾ ഫെബ്രുവരിയിൽ നടത്തും. ഫലം നേരത്തേ പ്രഖ്യാപിക്കും. മനഃപാഠ വിദ്യാഭ്യാസ സമ്പ്രദായം ഉപേക്ഷിക്കുന്നതിന്റെ ഭാഗമാണു പരിഷ്കാരം. ഇതോടെ, എന്തൊക്കെ ഓർത്തുവയ്ക്കുന്നു എന്നത് അപ്രധാനമാകും. പഠിച്ചത് എങ്ങനെ പ്രാവർത്തികമാക്കുന്നു എന്നതു പ്ര‌ധാനവും.

അക്കാദമിക നിലവാരമനുസരിച്ചാവും സിബിഎസ്ഇ സ്കൂളുകൾക്ക് അംഗീകാരം നൽകുക. അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനു സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളെ ആശ്ര‌യിക്കും. പരീക്ഷകൾ മാർച്ചിൽ തന്നെ പൂർത്തിയാക്കുകയാണു ലക്ഷ്യം. ഇതോടെ, മൂല്യനിർണയത്തിനും ഫലപ്രഖ്യാപനത്തിനും കൂടുതൽ സമയം കി‌ട്ടും. തൊഴിൽപരിചയ കോഴ്സുകൾക്കു വിദ്യാർഥികൾ കുറവായതു കൊണ്ടു പരീക്ഷ ഫെബ്രുവരിയിൽ നടത്താനാകുമെന്നു സിബിഎസ്ഇ വൃത്തങ്ങൾ പറഞ്ഞു. മറ്റു പരീക്ഷകൾ 15 ദിവസം കൊണ്ടു പൂർത്തിയാക്കാനാവും.