ജയ്പുർ∙ ഭൗമശാസ്ത്രജ്ഞരെ എക്കാലവും അദ്ഭുതപ്പെടുത്തിയ രാജസ്ഥാനിലെ ബാരൻ ജില്ലയിലുള്ള ‘രാംഗഡ് ഗർത്തം’ ഉൽക്ക വീണുണ്ടായതു തന്നെ. അതും 75,000 കോടി വർഷം മുൻപ് വീണ ഭീമാകാരമായ ഉൽക്ക. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെയും നാഷനൽ ട്രസ്റ്റ് ഫോർ ആർട് ആൻഡ് കൾച്ചറിലെയും ഗവേഷകർ രാംഗഡിൽ നടത്തിയ ഗവേഷണങ്ങളിലാണ് ഇതു സംബന്ധിച്ച സ്ഥിരീകരണം.
അടുത്ത വർഷം നടക്കുന്ന രാജ്യാന്തര ജിയോളജിക്കൽ സെമിനാറിൽ റിപ്പോർട്ട് അവതരിപ്പിച്ച് അംഗീകാരം നേടാനാണു ശ്രമം. അംഗീകാരം ലഭിച്ചാൽ ഭൗമരഹസ്യങ്ങളുടെ രാജ്യാന്തര ഭൂപടത്തിൽ രാജസ്ഥാനും ഇടംപിടിക്കും. ഭൗമോപരിതലത്തിൽനിന്ന് 200 മീറ്ററോളം ഉയർന്ന കുന്നിൽ 3.2 കിലോമീറ്റർ വ്യാസത്തിലാണു ഗർത്തം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 1869 ലാണ് ഗർത്തം കണ്ടെത്തുന്നത്. 1960 ൽ ജിയോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ നടത്തിയ പരിശോധനയിൽ ഇത് ‘സ്ഫോടനം’ മൂലം ഭൗമോപരിതലത്തിലുണ്ടായ വിള്ളലാണെന്ന് അംഗീകരിച്ചു. എന്നാൽ എന്താണു സ്ഫോടനത്തിനു പിന്നിലെന്നു കണ്ടെത്താനായിരുന്നില്ല.
ഉൽക്ക വീണതാകാം എന്ന് വിലയിരുത്തലുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് കൃത്യമായ തെളിവുകൾ കിട്ടുന്നത്. മൂന്നു കിലോമീറ്ററോളം വ്യാസമുള്ള ഉൽക്ക വന്നിടിച്ചപ്പോൾ വൻഗർത്തം രൂപപ്പെടുകയും അതിനു ചുറ്റും മതിലുപോലെ കുന്നു രൂപപ്പെടുകയുമായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ രണ്ടു ഗുഹാമുഖങ്ങളാണ് ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ളത്. ഒന്ന് മഹാരാഷ്ട്രയിലെ ലോണാർ തടാകവും പിന്നൊന്നു മധ്യപ്രദേശിലെ ശിവ്പുരിയിലുള്ള വിള്ളലും.