കോലാപുർ ∙ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതു വഴി നികുതിദായകർക്കുണ്ടായ നഷ്ടത്തിനു സർക്കാരാണു മറുപടി പറയേണ്ടതെന്നു റിസർവ് ബാങ്ക് മുൻ ഗവർണർ വൈ.വി. റെഡ്ഡി. ശിവജി യൂണിവേഴ്സിറ്റിയിൽ പ്രഭാഷണം നടത്തുകയായിരുന്നു റെഡ്ഡി.
പൊതുമേഖലാ ബാങ്കുകളിലെ ഭൂരിപക്ഷ ഓഹരിവിഹിതം സർക്കാരിന്റേതാണ്. സർക്കാരാണ് ഈ ബാങ്കുകളുടെ ഉടമസ്ഥർ. സർക്കാർ ഡയറക്ടർമാരായി നിയോഗിച്ചവർ അന്ന് എന്തെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ബാങ്കിങ് സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കു മങ്ങലേറ്റിട്ടുണ്ട്. സർക്കാർ സമീപകാലത്തു സ്വീകരിച്ച നടപടികൾ റിസർവ് ബാങ്കിലുള്ള വിശ്വാസം ശക്തിപ്പെടുത്തുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.