സ്വവർഗാനുരാഗികളുടെ ലൈംഗികബന്ധം: സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും

ന്യൂഡൽഹി∙ പ്രായപൂർത്തിയായവർ തമ്മിൽ സമ്മതത്തോടെയുള്ള ‘പ്രകൃതിവിരുദ്ധ’ ലൈംഗിക ബന്ധം കുറ്റകരമാക്കുന്നതു ഭരണഘടനാപരമായി ശരിയാണോ എന്നതു മാത്രമല്ല, സ്വവർഗാനുരാഗികൾക്കുള്ള അവകാശങ്ങൾ ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പരിധിയിൽപെടില്ലേയെന്നും പരിശോധിക്കണമെന്നു സുപ്രീം കോടതിയിൽ ഭരണഘടനാ ബെഞ്ച് മുൻപാകെ വാദം.

എന്നാൽ, ‘പ്രകൃതിവിരുദ്ധ’ ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377–ാം വകുപ്പു മാത്രമാണ് ഇപ്പോൾ പരിശോധിക്കുകയെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. സ്വവർഗാനുരാഗികളുടെ അവകാശപരമായ വിഷയങ്ങളിലേക്ക് ഇപ്പോൾ കടക്കാനാവില്ല. കേന്ദ്രസർക്കാരിന്റെ നിലപാടിനെ ആശ്രയിച്ചല്ല 377–ാം വകുപ്പിന്റെ സാധുത പരിശോധിക്കുകയെന്നും ബെഞ്ച് വിശദീകരിച്ചു.

377–ാം വകുപ്പു ഭരണഘടനാവിരുദ്ധമെന്നു ഡൽഹി ഹൈക്കോടതി 2009 ജൂലൈ രണ്ടിനു വിധിച്ചു. അതിനെതിരെയുള്ള അപ്പീൽ പരിഗണിച്ച സുപ്രീം കോടതി, 377–ാം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും അതു ശിക്ഷാ നിയമത്തിൽ നിലനിർത്തണമോയെന്നു പാർലമെന്റിനു തീരുമാനിക്കാമെന്നും 2013 ഡിസംബർ 11നു വിധിച്ചു. എന്നാൽ, അതിനെതിരെയുള്ള പിഴവുതിരുത്തൽ ഹർജികൾ‍ തങ്ങൾ പരിഗണിക്കില്ലെന്നു കോടതി ഇന്നലെ വ്യക്തമാക്കി.

ലൈംഗികത സംബന്ധിച്ച മൗലികാവകാശം നിഷേധിക്കുന്നതാണ് 377–ാം വകുപ്പെന്നും അതു റദ്ദാക്കണമെന്നും നർത്തകൻ എൻ.എസ്.ജോഹർ, പാചകവിദഗ്ധ റിതു ഡാൽമിയ, മാധ്യമപ്രവർത്തകൻ സുനിൽ മെഹ്റ തുടങ്ങിയവരുടെ ഹർജികളാണു പരിഗണിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നിലപാട് ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

ജഡ്ജിമാരായ ആർ.എഫ്.നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുമുൾപ്പെട്ട ബെഞ്ച് മുൻ‍പാകെ ഇന്നും വാദം തുടരും.

‘ജനകീയ സദാചാരമല്ല, ഭരണഘടനയാണു പരിഗണിക്കേണ്ടത്’

എൻ.എസ്. ജോഹറിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ‍ റോഹത്ഗിയുടെ വാദങ്ങൾ:

∙ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ഭരണഘടനാപരമായ, അടിസ്ഥാന മനുഷ്യാവകാശങ്ങളാണു വിഷയം. അവർ ചെറിയൊരു വിഭാഗമാണെന്നു പറഞ്ഞ്, ഭരണഘടനാപരമായ സദാചാരത്തിനു പകരം, ജനകീയ സദാചാരം പരിഗണിക്കാനാവില്ല.

∙ പാർലമെന്റ് പാസാക്കാതിരുന്നതും ഭരണഘടന പ്രാബല്യത്തിലാവും മുൻപുള്ളതുമായ നിയമത്തിനും, അതിനുശേഷമുള്ള നിയമത്തിനും ഒരേ മൂല്യമാണോ ഉള്ളത്?

∙ 377–ാം വകുപ്പ്, ഭരണഘടനയുടെ മൂന്നാം ഭാഗത്തിന്റെ (മൗലികാവകാശങ്ങൾ) ലംഘനമാണ്. ജീവിക്കാനുള്ള അവകാശമെന്നത് അന്തസ്സോടെ ജീവിക്കാനും ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കാനുമുള്ള അവകാശങ്ങൾ ഉൾപ്പെടുന്നതാണ്. പ്രകടമായ ലിംഗവ്യത്യാസമില്ലെങ്കിലും 377–ാം വകുപ്പ് സ്വവർഗാനുരാഗികളായ പുരുഷൻമാരെയാണു ബാധിക്കുന്നത്.

∙ ക്രമം, പ്രകൃതി തുടങ്ങിയവയുടെ നിർവചനത്തിനു സമൂഹത്തിലെ മാറ്റത്തിനൊപ്പം വ്യത്യാസമുണ്ടാവും. 50 വർഷം മുൻപു പ്രാബല്യത്തിലുള്ള നിയമത്തിന് ഇപ്പോൾ പ്രാബല്യമുണ്ടാവണമെന്നില്ല.

∙ ലൈംഗികാഭിമുഖ്യത്തിനാണു മുൻതൂക്കം ലഭിച്ചിരിക്കുന്നത്. എന്നാൽ, വിഷയം ഏറെ വ്യാപ്തിയുള്ളതാണ്.