കഠ്‍വ പ്രതികളുടെ അഭിഭാഷകൻ എഎജി; വിവാദം

ജമ്മു∙ കഠ്‍വയിൽ ബാലികയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികളുടെ അഭിഭാഷകൻ അസീം സാഹ്നിയെ ഹൈക്കോടതിയിൽ അഡീഷനൽ അഡ്വക്കറ്റ് ജനറലായി (എഎജി) നിയമിച്ചത് വിവാദമായി. മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും ഇതിനെതിരെ രംഗത്തു വന്നു. നിയമനത്തെ ‘ഞെട്ടിപ്പിക്കുന്നത്’ എന്ന് വിശേഷിപ്പിച്ച മെഹബൂബ, ഗവർണർ എൻ.എൻ. വോറയോട് ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2016 ൽ ഗവർണർ ഭരണകാലത്ത് ഡപ്യൂട്ടി അഡ്വക്കറ്റ് ജനറലായിരുന്നു അസീം. മെഹബൂബ സർക്കാർ വന്നതോടെ രാജിവച്ചു. അതേസമയം താൻ അഭിഭാഷകനാണെന്നും ആരോപിതനല്ലെന്നും അസീം പ്രതികരിച്ചു. കഠ്‍വ പ്രതികളുടെ പ്രധാന അഭിഭാഷകനായ എ.കെ. സാഹ്നിയുടെ മകനാണ് അസീം.