ന്യൂയോർക്ക് ∙ ഗണിതശാസ്ത്രത്തിലെ നൊബേൽ എന്നറിയപ്പെടുന്ന ഫീൽഡ്സ് പുരസ്കാരം ഇന്ത്യൻ വംശജനായ അക്ഷയ് വെങ്കടേഷിന്. 40 വയസ്സിൽ താഴെയുള്ള ഏറ്റവും ശ്രദ്ധേയനായ ഗണിതശാസ്ത്രജ്ഞനു നാലു വർഷത്തിലൊരിക്കൽ നൽകുന്ന പുരസ്കാരമാണു ഫീൽഡ്സ് മെഡൽ. ഡൽഹിയിൽ ജനിച്ച് ഓസ്ട്രേലിയയിൽ കുടിയേറിയ അക്ഷയ് വെങ്കടേഷ് (36) ഇപ്പോൾ സ്റ്റാൻഫോർഡ് സർവകലാശാലയിൽ ഗണിതശാസ്ത്ര പ്രഫസറാണ്. ഗണിതശാസ്ത്രത്തിലെ വിവിധ മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾക്കാണ് ഇപ്പോൾ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
ബ്രസീലിലെ റിയോ ഡി ജനീറോയിൽ ഗണിതശാസ്ത്രജ്ഞരുടെ രാജ്യാന്തര സമ്മേളനത്തിൽ മറ്റു മൂന്നു ഗണിതശാസ്ത്രജ്ഞരോടൊപ്പം അക്ഷയ് പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാര ജേതാക്കൾക്കു 15,000 കനേഡിയൻ ഡോളർ വീതം ലഭിക്കും. കാനഡയിൽനിന്നുള്ള പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ ജോൺ ചാൾസ് ഫീൽഡ്സിന്റെ അഭ്യർഥനപ്രകാരം 1932ലാണ് യുവഗണിതശാസ്ത്രജ്ഞർക്കു ഫീൽഡ്സ് മെഡൽ ഏർപ്പെടുത്തിയത്. അക്ഷയ് വെങ്കടേഷിനു രണ്ടുവയസ്സുള്ളപ്പോൾ മാതാപിതാക്കൾ പെർത്തിൽ കുടിയേറി. പതിനാറാം വയസ്സിൽ, 1997ൽ വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാലയിൽനിന്നു ഗണിതശാസ്ത്രത്തിൽ ഒന്നാം ക്ലാസോടെ അക്ഷയ് ബിരുദം നേടി. ഇരുപതാം വയസ്സിൽ ഗണിതശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി. രാമാനുജൻ പുരസ്കാരം, ഇൻഫോസിസ് പ്രൈസ് എന്നിവ ഉൾപ്പെടെ പല പുരസ്കാരങ്ങൾ ഇതിനകം നേടിയിട്ടുണ്ട്.