ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലാ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ വധിക്കാൻ ശ്രമിച്ചതു തങ്ങളാണെന്ന അവകാശവാദവുമായി ഫെയ്സ്ബുക് വിഡിയോ വഴി രണ്ടുപേർ രംഗത്തെത്തി. ഇന്നു പൊലീസിൽ കീഴടങ്ങുമെന്നും ധർവേശ് ഷപുർ, നവീൻ ധലാൽ എന്നിവർ വിഡിയോയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഇതിനിടെ, തന്നെ വധിക്കാൻ ശ്രമിച്ചയാൾ നോയിഡ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ടിവി ചാനലായ സുദർശൻ ന്യൂസ് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് സുരേഷ് ഛവാങ്കെയോടൊപ്പം നിൽക്കുന്നു എന്ന കുറിപ്പോടെ ഉമർ ഖാലിദ് ട്വീറ്റ് ചെയ്ത ചിത്രവും ചർച്ചയായി. തിങ്കളാഴ്ചയാണ് ഉമർ ഖാലിദിനെ വെടിവച്ചു കൊല്ലാൻ ശ്രമമുണ്ടായത്.