ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിനു നേരെ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഡൽഹി പൊലീസ് പിടികൂടി. വധശ്രമത്തിനു പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ട് ഫെയ്സ്ബുക് വിഡിയോ പുറത്തുവിട്ടവരാണു പിടിയിലായത്. ഹരിയാന സ്വദേശികളായ ഇവരെ ചോദ്യം ചെയ്തു വരികയാണ്. വധശ്രമത്തിനു പിന്നിൽ ഇവർ തന്നെയാണോ എന്നും ഇതിനു പിന്നിലെ ലക്ഷ്യവും ചോദ്യം ചെയ്യലിൽ നിന്നു വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമർ ഖാലിദിനു നേരെ വധശ്രമം നടന്നത്. തന്നെ വധിക്കാൻ ശ്രമിച്ചയാൾ സ്വകാര്യ ടിവി ചാനലായ സുദർശൻ ന്യൂസ് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് സുരേഷ് ഛവാങ്കെയോടൊപ്പം നിൽക്കുന്നു എന്ന കുറിപ്പോടെ ഉമർ ഖാലിദ് ട്വീറ്റ് ചെയ്ത ചിത്രം ഏറെ ചർച്ചയായിരുന്നു.