ന്യൂഡൽഹി∙ തിങ്കളാഴ്ച ഉണ്ടായ വധശ്രമത്തിൽ പ്രതികരണവുമായി ജെഎൻയു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദ്. ‘‘ചായ കുടിച്ച ശേഷം മടങ്ങുകയായിരുന്നു. പിന്നിൽ നിന്ന് ഒരാളെത്തി തള്ളിയിട്ടു. ഇയാൾ വെടിവയ്ക്കാൻ ശ്രമിച്ചു. പ്രാണഭയത്തിൽ ഞാൻ കുതറിമാറി. ഇതിനിടെ അക്രമി ഓടി രക്ഷപ്പെട്ടു.’’ – അക്രമിയുടെ മുഖം കാണാനായില്ലെന്നും ഉമർ പറഞ്ഞു. ആക്രമണത്തിനു പിന്നിൽ പിന്നിൽ ഏതെങ്കിലും വിഭാഗമാണെന്നോ ഇയാൾക്കൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ എന്നും അറിയില്ല. – ജനക്കൂട്ട വിചാരണയ്ക്കെതിരായ പരിപാടിയിൽ പങ്കെടുക്കുന്നതിന് എത്തിയപ്പോഴായിരുന്നു അക്രമമെന്നും ഉമർ ഖാലിദ് പറഞ്ഞു.
‘‘ഭയപ്പാടിന്റെ അന്തരീക്ഷമാണുള്ളത്. സർക്കാരിനെതിരെ സംസാരിച്ചാൽ നിങ്ങൾ മുദ്രകുത്തപ്പെടും. പിന്നെ നിങ്ങൾക്ക് എന്തും സംഭവിക്കാം.’’– ഉമർ പറഞ്ഞു. ചായകുടിച്ചു മടങ്ങുമ്പോൾ മൂന്നു പേർ അടുത്തെത്തിയെന്നും ഇതിലൊരാൾ ഖാലിദിനെ പിടിച്ചുവയ്ക്കാൻ ശ്രമിച്ചെന്നും ഖാലിദിനൊപ്പമുണ്ടായിരുന്ന സൈഫി എന്നയാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിടിവലിക്കിടെ വെടിശബ്ദം കേട്ടു. ഇതിൽ ഖാലിദിനു പരുക്കേറ്റില്ല. വെടിയുതിർത്തയാൾ ഓടിമാറുന്നതിനിടെ വീണ്ടും വെടിശബ്ദം കേട്ടതായി സൈഫി വിശദീകരിച്ചു. വെള്ള ഷർട്ട് ധരിച്ച അക്രമി പാർലമെന്റ് സ്ട്രീറ്റിന്റെ ഭാഗത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നെന്ന് ചില ദൃക്സാക്ഷികൾ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബിനു മുന്നിൽ വച്ചാണ് ഉമർ ഖാലിദിനു നേരെ അജ്ഞാതൻ വെടിയുതിർത്തതെന്നാണ് റിപ്പോർട്ടുകൾ. അക്രമത്തിൽ വെടിയേൽക്കാതെ ഉമർ രക്ഷപ്പെടുകയായിരുന്നു. ഉമറിനെ വെടിവയ്ക്കാനുപയോഗിച്ചെന്നു കരുതുന്ന കൈത്തോക്ക് പൊലീസ് സ്ഥലത്ത് നിന്ന് കണ്ടെത്തി. ഇത് ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് ഡൽഹി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ മധുർ വർമ അറിയിച്ചു.
കൈതോക്ക് കണ്ടെത്തിയെങ്കിലും വെടിവയ്പ്പുണ്ടായോ, സംഭവത്തിൽ എത്രപേർ ഉൾപ്പെട്ടു തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂവെന്ന് ഡൽഹി റേഞ്ച് ജോയിന്റ് പൊലീസ് കമ്മിഷണർ അജയ് ചൗധരി പറഞ്ഞു. രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍, ഡൽഹി സർവകലാശാല അധ്യാപകൻ അപൂര്‍വാനന്ദ് എന്നിവർ പങ്കെടുക്കുന്ന 'ഖൗഫ് സേ ആസാദി' (ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം) എന്ന പരിപാടിക്കാണ് ഉമർ എത്തിയത്. സ്വാതന്ത്ര്യ ദിനത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ഡൽഹിയിൽ തോക്കുധാരി അക്രമം നടത്തിയെന്ന വാർത്ത സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി നഗരം കനത്ത സുരക്ഷാ വലയത്തിലാണ്.
രവി പൂജാരി എന്നയാളിൽ നിന്ന് വധഭീഷണി നേരിടുന്നു എന്ന പരാതിയുമായി ഉമർ ഖാലിദ് കഴിഞ്ഞ ജൂണിൽ ഡൽഹി പൊലീസിനെ സമീപിച്ചിരുന്നു. ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‍നേഷ് മേവാനിക്കും ഇയാളിൽ നിന്നു വധഭീഷണി ഉയർന്നിരുന്നു. 2016 ൽ ജെഎൻയു ക്യാംപസിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങളുയർത്തിയെന്ന പരാതി വന്നതോടെയാണ് ഉമർ ഖാലിദ് വാർത്തകളിൽ ഇടം നേടുന്നത്. ഉമർ ഖാലിദിന്റെ പിഎച്ച്ഡി തീസിസ് സ്വീകരിക്കാനാകില്ലെന്ന് സർവകലാശാല അടുത്തിടെ വ്യക്തമാക്കിയിരുന്നു.