ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലാ (ജെഎൻയു) വിദ്യാർഥിനേതാവ് ഉമർ ഖാലിദിനും ഗുജറാത്തിൽനിന്നുള്ള ദലിത് നേതാവും എംഎൽഎയുമായ ജിഗ്‍നേഷ് മേവാനിക്കും വധഭീഷണി. അധോലോക കുറ്റവാളി രവി പൂജാരി തന്നെയും മേവാനിയെയും വധിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നു കാട്ടി ഉമർ ഖാലിദ് പൊലീസിൽ പരാതി നൽകി.
വിദേശത്തുനിന്നുള്ള പൂജാരിയുടെ സന്ദേശം മേവാനിക്കാണു ലഭിച്ചതെന്നും തനിക്കു നേരിട്ട് ഇതുവരെ ഭീഷണിസന്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും ഉമർ ഖാലിദ് വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 2016 ഫെബ്രുവരിയിലും ഉമർ ഖാലിദിനു രവി പൂജാരിയിൽനിന്നു വധഭീഷണിയുണ്ടായിരുന്നു. പിടികിട്ടാപ്പുള്ളിയായ രവി പൂജാരി ഓസ്ട്രേലിയയിൽ നിന്നാണു പ്രവർത്തനമെന്നാണു കരുതുന്നത്.