ന്യൂഡൽഹി∙ പുതിയ മൂന്നു ഗവർണർമാരെ രാഷ്ട്രപതി നിയമിച്ചു– ഉത്തർ പ്രദേശിലെ ബിജെപി നേതാവ് ലാൽജി ടണ്ഠനെ ബിഹാറിലെ ഗവർണറാക്കി. ബിഹാറിലെ മുൻമന്ത്രി സത്യ ദേവ് നാരായൺ ആര്യയെ ഹരിയാനയിൽ ഗവർണറായും ആഗ്രയിലെ മുൻ മേയർ ബേബി റാണി മൗര്യയെ ഉത്തരാഖണ്ഡ് ഗവർണറായും നിയമിച്ചു. ബിഹാർ ഗവർണർ സത്യപാൽ മല്ലിക്കിനെ ജമ്മുകശ്മീർ ഗവർണറായി നിയമിച്ചു.
പത്തു വർഷമായി കശ്മീരിൽ ഗവർണറായിരുന്ന എൻ.എൻ.വോറയുടെ കാലാവധി കഴിഞ്ഞിരുന്നു. ഹരിയാനയിൽ ഗവർണറായിരുന്ന കപ്ത്താൻ സിങ് സോളങ്കിയെ ത്രിപുരയിലെ ഗവർണറായി സ്ഥലം മാറ്റി. ത്രിപുരയിലെ ഗവർണർ തഥാഗത് റോയിയെ മേഘാലയയിലെ ഗവർണറായും മേഘാലയയിൽ നിന്നു ഗവർണർ ഗംഗാ പ്രസാദിനെ സിക്കിമിലെ ഗവർണറായും മാറ്റി നിയമിച്ചു.