ചെന്നൈ∙ ഇന്ധന വില വർധനയുൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അണ്ണാഡിഎംകെ. മുഖപത്രമായ നമതു പുരട്ച്ചിതലൈവി അമ്മയിലെ ലേഖനത്തിലാണു കേന്ദ്രത്തെ കടന്നാക്രമിച്ചത്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ഡിഎംകെ-ബിജെപി രഹസ്യധാരണയുണ്ടെന്ന മുതിർന്ന നേതാവ് എം.തമ്പിദുരൈയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണു മുഖപത്രം കേന്ദ്രത്തിനെതിരെ തിരിഞ്ഞത്. ഇതോടെ, അണ്ണാഡിഎംകെയും ബിജെപിയും തമ്മിലുള്ള ബന്ധം പഴയതു പോലെ ദൃഢമല്ലെന്നു വ്യക്തമായി.
ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ ഭാരത് ബന്ദ് നടത്തിയതിനു പിറ്റേ ദിവസമാണ് അണ്ണാഡിഎംകെ മുഖപത്രത്തിന്റെ വിമർശനമെന്നതു ശ്രദ്ധേയം. ബന്ദിനു അണ്ണാഡിഎംകെ പിന്തുണ നൽകിയിരുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ധാരണയില്ലാത്ത പോലെയാണു കേന്ദ്ര സർക്കാർ പെരുമാറുന്നതെന്നു ലേഖനത്തിൽ പറയുന്നു. ഇന്ധന വില ദിനംപ്രതി കൂടുന്നു. എൽപിജി സിലിണ്ടറിന്റെ വില വർധനയിൽ സാധാരണക്കാരന് ഉറക്കം നഷ്ടപ്പെടുന്നു. രൂപയുടെ മൂല്യമിടിയുന്നത് എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്നു. ബിജെപിയിതര സംസ്ഥാനങ്ങളോട് കേന്ദ്രം ചിറ്റമ്മ നയം കാണിക്കുന്നുവെന്ന ഗുരുതര ആരോപണവും ലേഖനം ഉന്നയിക്കുന്നു.
തൂത്തുക്കുടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജനെതിരെ വിമാനത്തിൽ ഗവേഷക വിദ്യാർഥി മുദ്രാവാക്യം വിളിച്ച സംഭവത്തെ ലേഖനം പരോക്ഷമായി ന്യായീകരിക്കുന്നു. ജനങ്ങൾ ആകെ രോഷത്തിലാണെന്നും അവർ കോപം പ്രകടിപ്പിക്കുന്നതിന്റെ വിവിധ മാർഗങ്ങളാണു ചുറ്റും കാണുന്നതെന്നും ലേഖനം പറയുന്നു.
സംസ്ഥാനത്ത് വിവിധ തലങ്ങളിൽ നടന്ന ആദായ നികുതി വകുപ്പ് റെയ്ഡുകൾ ബിജെപിയും അണ്ണാഡിഎംകെയും അകലുന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഒടുവിൽ, മന്ത്രി വിജയഭാസ്കറിന്റെയും സംസ്ഥാന പൊലീസ് മേധാവിയുടെയും വീടുകളിൽ നടന്ന റെയ്ഡിനു പിന്നിൽ ബിജെപിയാണെന്നു തമ്പിദുരൈ പരസ്യമായി കുറ്റപ്പെടുത്തി. ഡിഎംകെയുമായി ചേർന്നു സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനാണു ബിജെപിയുടെ ശ്രമമെന്നായിരുന്നു ആരോപണം. ഇത് മറ്റു നേതാക്കൾ ഏറ്റെടുത്തില്ലെങ്കിലും ബന്ധത്തിൽ വിള്ളൽ വീണുവെന്നു വ്യക്തം. പാർട്ടി പത്രത്തിലെ ലേഖനത്തോടെ അതിന്റെ ആഴം കൂടി.
നികുതി കുറയ്ക്കും: മുഖ്യമന്ത്രി
ഇന്ധന വില വർധനവിൽ നിന്നു ജനങ്ങൾക്കു നേരിയ ആശ്വാസം നൽകുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും വിൽപന നികുതി കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നു മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി. എണ്ണ വില കുറയ്ക്കാനുള്ള ബാധ്യത കേന്ദ്രത്തിനാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കേന്ദ്രത്തിൽ നിന്നു ലഭിക്കേണ്ട വിഹിതം വെട്ടിക്കുറിച്ചിരിക്കുന്നു. എങ്കിലും, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് വിൽപന നികുതി കുറയ്ക്കുന്ന കാര്യം ആലോചിക്കും. ആരോപണം ഉയർന്നതു കൊണ്ടു മാത്രം ആരും കുറ്റവാളിയാകില്ലെന്ന് അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
2.50 രൂപ കുറച്ചേക്കും
പെട്രോൾ വിലയിൽ വിൽപന നികുതിയായി 20 രൂപയാണു നിലവിൽ സംസ്ഥാന സർക്കാരിനു ലഭിക്കുന്നത്. ഇതിൽ 2.50 രൂപ വരെ കുറയ്ക്കാനാണു സർക്കാർ ആലോചിക്കുന്നതെന്നാണു സൂചന. ആന്ധ്രയുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ നികുതി കുറച്ചിരുന്നു.