ജസ്റ്റിസ് അന്നാ ചാണ്ടി പറഞ്ഞു; 47 വർഷം മുൻപേ... 'ഈ വകുപ്പ് മാറ്റേണ്ടി വരും'

ജസ്റ്റിസ് അന്നാ ചാണ്ടി

ന്യൂഡൽഹി∙ 47 വർഷം മുൻപു ജസ്റ്റിസ് അന്നാ ചാണ്ടി പറഞ്ഞു, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497ാം വകുപ്പ് ഒഴിവാക്കുകയോ പരിഷ്കരിക്കുകയോ വേണം. കാരണം, ഭർത്താവിന്റെ സ്വത്താണു ഭാര്യയെന്നും മറിച്ച് അങ്ങനെയൊരു അവകാശമില്ലെന്നുമുള്ള വിലയിരുത്തലാണ് അതിന്റെ അടിസ്ഥാനം. വിവാഹേതര ബന്ധം വിവാഹമോചനത്തിനു പരിഗണിക്കുമ്പോഴല്ലാതെ കുറ്റമായി കണക്കാക്കേണ്ടതില്ലെന്നും അന്നാ ചാണ്ടി അന്നു വാദിച്ചു.

ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജിയായ അന്നാ ചാണ്ടി ലോ കമ്മിഷൻ അംഗമായിരിക്കേയാണ് ഈ നിലപാട് ഉന്നയിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തെക്കുറിച്ച് 1971ൽ‍ നിയമ കമ്മിഷൻ നൽകിയ റിപ്പോർട്ടിൽ പക്ഷേ, ഭൂരിപക്ഷ നിലപാടു മറിച്ചായിരുന്നു. അന്നാ ചാണ്ടിയുടേത് വിയോജനക്കുറിപ്പായാണു കമ്മിഷന്റെ 42ാം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. അന്നാ ചാണ്ടിയുടെ നിലപാട് ഇന്നലെ ജസ്റ്റിസ് റോഹിന്റൺ നരിമാൻ പരാമർശിച്ചിട്ടുമുണ്ട്.

‘സ്ത്രീകളുടെ പിന്തുടർച്ചാവകാശം, ബഹുഭാര്യത്വം തുടങ്ങിയവയിൽ മെച്ചപ്പെട്ട നിയമങ്ങളെഴുതി ഇന്ത്യയും പുരോഗതിയുടെ പാതയിലാണ്. എന്നാൽ, വിവാഹേതര ബന്ധം കുറ്റമാക്കി നിലനിർത്തണമോയെന്ന് ആലോചിക്കാൻ പറ്റിയ സമയമാണിത്. വിവാഹേതര ബന്ധത്തിനു സ്ത്രീകൾക്കു ശിക്ഷയില്ലെന്ന ഭാഗം ഒഴിവാക്കി വകുപ്പ് അതേപടി നിലനിർത്തണമെന്നാണു ഭൂരിപക്ഷാഭിപ്രായം. അതു പിന്നോട്ടടിക്കുന്ന നടപടിയാണ്.

സ്ത്രീയെ ശിക്ഷയിൽനിന്ന് ഒഴിവാക്കിയതുകൊണ്ടു സ്ത്രീ, പുരുഷന്റെ സ്വത്തെന്ന അടിസ്ഥാന ആശയം മാറുന്നില്ല. മറിച്ച്, കടന്നുകയറിയ വ്യക്തി മാത്രമല്ല, സ്വത്തും ശിക്ഷിക്കപ്പെടണമെന്ന പുതിയ കാര്യം ചേർക്കപ്പെടുകയാണ്.

ഒരാളിൽനിന്നു മറ്റൊരാളിലേക്കു കൈമാറുന്ന സ്വത്തവകാശമായല്ലാതെ, തുല്യപങ്കാളിത്തമായി വിവാഹത്തെ കാണാൻ തുടങ്ങണം. ഈ തുല്യത പ്രതിഫലിക്കണമെങ്കിൽ, ഒന്നുകിൽ 497ാം വകുപ്പ് ഒഴിവാക്കണം, അല്ലെങ്കിൽ പുരുഷനും സ്ത്രീക്കും തുല്യശിക്ഷ നൽകണം.

വിവാഹേതര ബന്ധത്തെ ശിക്ഷാനിയമത്തിൽനിന്ന് ഒഴിവാക്കേണ്ടെന്നാണ് എന്റെ നിലപാട്. ഏറെ പുരോഗതി പ്രാപിച്ച സമൂഹങ്ങളിൽ, വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല, സിവിൽ തെറ്റു മാത്രമാണെന്ന ചിന്താഗതി പ്രചരിക്കുന്നുണ്ട്. അത്തരം രാജ്യങ്ങളുടെ ഉദാഹരണങ്ങൾ നമുക്കു പ്രേരകമാവാം. എന്നാൽ, നമ്മുടെ സമൂഹം ആ ചുവടുവയ്പിനു പാകമായെന്ന് എനിക്കു തോന്നുന്നില്ല. പുരാതനകാലം മുതലേ നമ്മുടെ സമൂഹം വിവാഹത്തിന്റെ പവിത്രതയ്ക്ക് ഊന്നൽനൽകുന്നതാണ്. ലംഘനങ്ങളെ തികച്ചും അനഭിലഷണീയമെന്നു കരുതുന്നതുമാണ്. അതാണു വിവാഹേതര ബന്ധത്തെ ശിക്ഷിക്കുന്നതിനു കാരണം. അക്കാര്യത്തിൽ പൊതുചിന്തയിൽ മാറ്റമുണ്ടായിട്ടില്ല – അന്നാ ചാണ്ടി എഴുതി.

ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജി

ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജിയായ അന്നാ ചാണ്ടി ലോ കമ്മിഷൻ അംഗമായിരിക്കേയാണ് ഈ നിലപാട് ഉന്നയിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തെക്കുറിച്ച് 1971ൽ‍ നിയമ കമ്മിഷൻ നൽകിയ റിപ്പോർട്ടിൽ പക്ഷേ, ഭൂരിപക്ഷ നിലപാടു മറിച്ചായിരുന്നു. അന്നാ ചാണ്ടിയുടേത് വിയോജനക്കുറിപ്പായാണു കമ്മിഷന്റെ 42ാം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.