കൊച്ചി ∙ വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രീംകോടതി വിധി പ്രത്യക്ഷത്തിൽ സ്വാഗതാർഹവും സ്ത്രീപക്ഷ കാഴ്ചപ്പാടുകളെ പ്രോൽസാഹിപ്പിക്കുന്നതുമാണെങ്കിലും കുടുംബ, സാമൂഹിക ജീവിതങ്ങളെ സങ്കീർണമാക്കുമോയെന്നു ഭയക്കുന്നതായി കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി).
ലൈംഗിക അരാജകത്വത്തിനും കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്കും വിവാഹമോചനത്തോതു വർധിക്കാനും വിധി ഇടവരുത്തും. കുഞ്ഞുങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കും. വിവാഹ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന സമീപനമാണു കോടതിവിധിയിലുള്ളത്.
വിവാഹേതര ലൈംഗികബന്ധം സാധൂകരിക്കുമ്പോൾ, പ്രായപൂർത്തിയായവർ ഉഭയസമ്മതപ്രകാരം നടത്തുന്ന ലൈംഗികബന്ധം സാമൂഹികമായും ധാർമികമായും തെറ്റല്ല എന്ന ധാരണയുണ്ടാവും. ഉഭയസമ്മതപ്രകാരം വിവാഹപൂർവ ബന്ധം, വിവാഹേതര ബന്ധം, സ്വവർഗരതി എന്നിവ അനുവദനീയമാണ് എന്നു വരുന്നതു ലൈംഗിക അരാജകത്വത്തിനു വഴിവയ്ക്കും. സ്വതന്ത്ര ലൈംഗികതയും ലൈംഗികത്തൊഴിലും മാന്യവും സ്വീകാര്യവുമാണെന്ന വാദത്തിലേക്കു നയിക്കുന്നതാണ് ഐപിസി 497 വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധി.
സ്ത്രീകളും കുട്ടികളും കൂടുതൽ അരക്ഷിതമായ സാമൂഹിക സാഹചര്യത്തിലേക്കു വീഴുകയാവും ഫലം. പാശ്ചാത്യരാജ്യങ്ങളിലെ നിയമങ്ങൾ അതേപടി പകർത്തുമ്പോൾ അവിടെയുള്ള സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ഇവിടെയില്ല എന്നതു മറക്കരുത്-കെസിബിസി ഓർമിപ്പിച്ചു.