ന്യൂഡൽഹി ∙ വിവാഹേതര ബന്ധമെന്നതു പങ്കാളിയോടും കുടുംബത്തോടുമുള്ള തെറ്റുതന്നെയെന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്ര വ്യക്തമാക്കി. എന്നാൽ, ക്രിമിനൽ കുറ്റമാക്കണമെങ്കിൽ അതു സമൂഹത്തെ പൊതുവിൽ നേരിട്ടു ബാധിക്കുന്ന തരത്തിലാവണമെന്നും ബെഞ്ചിലെ മറ്റു 4 പേരുടെയും നിലപാടിനോടു യോജിച്ചു ജസ്റ്റിസ് ഇന്ദു മൽഹോത്ര വിശദീകരിച്ചു. നിലവിൽ വിവാഹേതര ബന്ധം ജയിൽശിക്ഷയുള്ള കുറ്റമാണ്. സമൂഹത്തെ ബാധിക്കുന്ന വിഷയമാണെന്നതു പോരാ, അതിനേക്കാളും ശക്തമായ കാരണങ്ങളുള്ള കുറ്റങ്ങൾക്കാണു ജയിൽശിക്ഷ നൽകാവുന്നത്.
വ്യക്തിപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കുമ്പോൾ കുറ്റങ്ങൾക്കു ക്രിമിനൽ സ്വഭാവം നൽകുന്നതിൽ മിതത്വമുള്ള സമീപനമാണു സർക്കാരിനു വേണ്ടത്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശമെന്നതിൽ, പൊതു വിലക്കിനു വിധേയമാകാതിരിക്കാനും തികച്ചും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രം ശിക്ഷിക്കപ്പെടാനുമുള്ള അവകാശവും ഉൾപ്പെടുന്നു. സിവിൽ പരിഹാരങ്ങൾ മതിയാവുന്ന സാഹചര്യങ്ങളിൽ ക്രിമിനൽ നടപടി പാടില്ലെന്നും അതുകൊണ്ടുതന്നെ വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമായി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര വ്യക്തമാക്കി.