Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹേതര ബന്ധം: കേസുകൾ റദ്ദാക്കാൻ കോടതി ഇടപെടൽ വേണ്ടിവരും

court-order-1

കൊച്ചി∙ വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി വന്നെങ്കിലും നേരത്തെ ഈ വകുപ്പു പ്രകാരം റജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കണമെങ്കിൽ കോടതി നടപടികളിലൂടെയേ സാധിക്കൂ. മറ്റൊരാളുടെ ഭാര്യയുമായി, ഭർത്താവിന്റെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയത്തിലെ 497–ാം വകുപ്പും അതിന്റെ നടപടി സംബന്ധിച്ച ക്രിമിനൽ നടപടി ചട്ടത്തിലെ 198 (2) വകുപ്പും ഭരണഘടനാ വിരുദ്ധമാണെന്നാണ് സുപ്രീംകോടതി വിധി.

ഭർത്താവിന്റെയോ, ഭർത്താവ് ഭാര്യയുടെ സംരക്ഷണം ഏൽപിച്ചിട്ടുള്ള വ്യക്തിയുടെയോ പരാതിയിൽ നടപടിയെടുക്കാമെന്നാണ് സിആർപിസി 198 (2)ൽ പറയുന്നത്. ഐപിസി 497 പ്രകാരം പൊലീസ് ഇതിനകം അന്വേഷണ റിപ്പോർട്ട് നൽകിയ കേസുകൾ റദ്ദാക്കാൻ ഓരോന്നിലും നടപടി അവസാനിപ്പിച്ചു കോടതി ഉത്തരവിറക്കണം. അന്വേഷണ ഘട്ടത്തിലുള്ള കേസുകൾ എഴുതിത്തള്ളാൻ ആവശ്യപ്പെട്ടു പൊലീസിനു റിപ്പോർട്ട് സമർപ്പിക്കാം. മറ്റു വകുപ്പുകളും ഉൾപ്പെട്ട കേസുകളിൽ ഐപിസി 497 പ്രകാരമുള്ള കുറ്റം ഒഴിവാക്കിയാകും റിപ്പോർട്ട് നൽകുക. ശേഷിക്കുന്ന കുറ്റങ്ങളുടെ വിചാരണ തുടരും. അപ്പീൽ, റിവിഷൻ കോടതികളിലുള്ള കേസുകളിലും നടപടി അവസാനിപ്പിച്ച് ഉത്തരവുണ്ടാകണം.

വിവാഹബന്ധത്തിനുള്ളിലെ വിഷയമെന്ന നിലയിൽ, നിലവിൽ ഈ ഗണത്തിൽ വളരെ കുറച്ചു കേസുകളാണുള്ളത്. വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെങ്കിലും വിവാഹമോചനത്തിന് ഉന്നയിക്കാവുന്ന കാരണമായി തുടരുമെന്നു സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പണത്തിനോ മറ്റു നേട്ടങ്ങൾക്കോ വേണ്ടിയുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് പ്രകാരമുള്ള കേസുകളെ വിധി ബാധിക്കില്ല.