Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല; കോടതി പറയുന്ന കാരണങ്ങൾ ഇവ

Supreme Court of India

ന്യൂഡൽഹി∙ വ്യക്തികളുടെ സ്വകാര്യതയിൽ, പൊതുതാൽപര്യം വേണ്ടാത്ത വിഷയത്തിൽ ഭരണകൂടം ഇടപെടേണ്ടതില്ല – വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന തീർപ്പിനു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പറയുന്ന പ്രധാന കാരണമിതാണ്.

വിവാഹേതര ബന്ധം കുറ്റമാക്കുമ്പോൾ തികച്ചും സ്വകാര്യമായ ദാമ്പത്യവിഷയത്തിൽ ചൂഴ്ന്നിറങ്ങാനുള്ള അവസരമാണ് അനുവദിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെഴുതിയ വിധിന്യായത്തിൽ പറയുന്നു. ഭർത്താവിന്റെയും ഭാര്യയുടെയും അന്തസ്സും അവരുടെ ബന്ധത്തിന്റെ സ്വകാര്യതയുമാണ് ഹനിക്കപ്പെടുന്നത്. അത് ഭരണഘടനയുടെ 21–ാം വകുപ്പിന്റെ ലംഘനമാണ്.

തള്ളിക്കളഞ്ഞത് കേന്ദ്ര സർക്കാരിന്റെ നിലപാട്

വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരിൽ, പുരുഷന്റെ മാത്രമല്ല, സ്ത്രീയുടെ നടപടിയും കുറ്റകരമാക്കണമെന്നാണു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. വിവാഹേതര ബന്ധം കുറ്റമല്ലാതാക്കുന്നതു വിവാഹത്തിന്റെ പവിത്രത ഇല്ലാതാക്കുമെന്നും. വിവാഹ ബന്ധത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ടുതന്നെ, ശിക്ഷാവകുപ്പുകളെ ലിംഗനിഷ്പക്ഷമാക്കുന്നതിനോടു കോടതി വിയോജിച്ചു.

വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന നിലപാട് ചീഫ് ജസ്റ്റിസ് ഇങ്ങനെ വിശദീകരിച്ചു: ‘വിവാഹബന്ധത്തോടുള്ള ധാർമിക പ്രതിബദ്ധത നഷ്ടപ്പെടുമ്പോൾ ആ വിവാഹത്തിനു കോട്ടം തട്ടുന്നു. ആ സാഹചര്യം കൈകാര്യം ചെയ്യുന്നത് വ്യക്തികളെ ആശ്രയിച്ചിരിക്കും. ചിലർ ഒരുമിച്ചുള്ള ജീവിതം തുടരും, ചിലർ വിവാഹമോചനം തേടും. ചില സാഹചര്യങ്ങളിൽ വിവാഹേതര ബന്ധം അസ്വസ്ഥ ദാമ്പത്യത്തിന്റെ കാരണമല്ല, ഫലമാവാം. അതിനെ കുറ്റമാക്കാമോയെന്നതാണു വിഷയം. കുറ്റമാക്കുന്നത്, അസ്വസ്ഥ ദാമ്പത്യത്തിലുള്ളവരും അല്ലാത്തവരും ശിക്ഷിക്കപ്പെടുന്ന സാഹചര്യമാവും. വിവാഹേതര ബന്ധത്തെ കുറ്റമാക്കുന്ന നിയമത്തിന് ദാമ്പത്യങ്ങളെ രണ്ടായി കാണാനാവില്ല.’

‘നിലവിലെ വ്യവസ്ഥ കാലഹരണപ്പെട്ടതാണ്, ഭരണഘടനാപരമായ സദാചാരത്തിനു നിരക്കുന്നതല്ല. ഇക്കാലത്തെ യുക്തിക്കു നിരക്കുന്നതുമല്ല. അതുകൊണ്ടുതന്നെ, ഭരണഘടനയുടെ 14–ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ പരിഗണിച്ച് റദ്ദാക്കപ്പെടേണ്ടതാണ്’ – ജസ്റ്റിസ് റോഹിന്റൺ നരിമാൻ വ്യക്തമാക്കി.

497ാം വകുപ്പിനെതിരെ സുപ്രീം കോടതി ജഡ്ജിമാർ പറഞ്ഞത്

∙ 'വിവാഹേതരബന്ധം ക്രിമിനൽ കുറ്റമല്ല; വിവാഹമോചനത്തിന് ഉന്നയിക്കാവുന്ന കാരണം മാത്രം.' - ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

∙ 'പുരുഷനോ സമൂഹമോ ആഗ്രഹിക്കുന്നതു പോലെ ജീവിക്കണമെന്നു സ്ത്രീയോട് ആവശ്യപ്പെടാനാകില്ല' - ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ

∙ 'സ്ത്രീകൾക്കു തുല്യത, വേർതിരിവില്ലായ്മ, അന്തസ്സോടെയുള്ള ജീവിതം എന്നിവ നിഷേധിക്കുന്ന കാലഹരണപ്പെട്ട വകുപ്പ്' - ജസ്റ്റിസ് ആർ.എഫ്.നരിമാൻ

∙ 'സ്ത്രീകളുടെ ലൈംഗികസ്വാതന്ത്ര്യത്തെ മാനിക്കാത്ത വകുപ്പ്' - ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്

∙ 'നിയമപുസ്തകത്തിൽ ഉൾപ്പെടാൻ ഒരു ന്യായീകരണവുമില്ലാത്ത വകുപ്പ്' - ജസ്റ്റിസ് ഇന്ദു മൽഹോത്ര