ഭുവനേശ്വർ ∙ ഒഡീഷയിൽ ഡീസലിന്റെ വില പെട്രോളിനെ കടത്തിവെട്ടി. ഭുവനേശ്വറിൽ ഇന്നലെ ഒരു ലീറ്റർ ഡീസലിന് പെട്രോളിനെക്കാൾ 12 പൈസ കൂടുതലായിരുന്നു. ഡീസലിന് 80.69 രൂപയും പെട്രോളിന് 80.57 രൂപയും.
ഡീസൽ വിലയിലെ വർധന കേന്ദ്രസർക്കാരിന്റെ തെറ്റായ നയം മൂലമാണെന്ന് സംസ്ഥാനത്ത് ഭരണത്തിലുള്ള ബിജു ജനതാ ദളും പ്രതിപക്ഷ കക്ഷിയായ കോൺഗ്രസും കുറ്റപ്പെടുത്തി. ആദ്യമായാണ് പെട്രോളിനെക്കാൾ ഡീസലിനു വില കൂടുന്നതെന്ന് ഉത്കൽ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സഞ്ജയ് ലാത് പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾ ഡീസലിനും പെട്രോളിനും വ്യത്യസ്ത വാറ്റ് നിരക്ക് ഈടാക്കുമ്പോൾ ഒഡീഷയിൽ രണ്ടിനും 26 ശതമാനമാണ്.