Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ–ജപ്പാൻ ഉച്ചകോടി: 6 കരാറുകൾ ഒപ്പുവച്ചു; 2 പ്ലസ് 2 ചർച്ച നടത്തുന്നതിനു ധാരണ

Shinzo Abe escorts Narendra Modi ജപ്പാൻ സന്ദർശനത്തിനിടെ ടോക്കിയോയിൽ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ സമീപം.

ടോക്കിയോ ∙ അതിവേഗ റെയിൽ പദ്ധതിയും നാവിക മേഖലയിലെ സഹകരണവും ഉൾപ്പെടെ 6 കരാറുകളിൽ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരും പങ്കെടുക്കുന്ന 2 പ്ലസ് 2 ചർച്ച നടത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും പങ്കെടുത്ത ഇന്ത്യ – ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ധാരണയായി. 

ഇൻഡോ പസിഫിക് മേഖലയിലെ സാഹചര്യങ്ങൾ, ഉഭയകക്ഷി, രാജ്യാന്തര വിഷയങ്ങൾ എന്നിവ ഉൾപ്പെടെ ഉച്ചകോടിയിൽ ചർച്ച ചെയ്തു. സൈബർ രംഗത്തെ പങ്കാളിത്തത്തിനു പുറമെ ആരോഗ്യം, പ്രതിരോധം തുടങ്ങി എല്ലാ മേഖലകളിലും ജപ്പാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നു ചർച്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ജപ്പാൻ സഹകരണത്തോടെയുള്ള മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പുരോഗതി ഇരുപ്രധാനമന്ത്രിമാരും വിലയിരുത്തി. ഇതിനായുള്ള വായ്പാ ഉടമ്പടിയിലും ഒപ്പുവച്ചു. മെട്രോ പദ്ധതികളിൽ നിലവിലുള്ള സഹകരണം തുടരും. ഇന്ത്യൻ നേവിയും ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സും തമ്മിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിലും ഒപ്പുവച്ചു. ഉച്ചകോടിയുടെ തലേന്ന് ഇരുരാജ്യത്തലവൻമാരും യെമനാഷിയിൽ മൗണ്ട് ഫ്യൂജിക്കടുത്ത റിസോർട്ടിൽ എട്ടു മണിക്കൂറോളം ഒരുമിച്ചു ചെലവഴിക്കുകയും അനൗപചാരിക ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.