ടോക്കിയോ∙ കൊടുങ്കാറ്റിനും പെരുമഴയ്ക്കുമിടെ വോട്ടെടുപ്പു നടന്ന ജപ്പാനിൽ ഷിൻസോ ആബെ സർക്കാർ അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലം. ആകെ 465 സീറ്റുകളുള്ള പാർലമെന്റിന്റെ അധോസഭയിൽ 311 സീറ്റ് നേടി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ആബെയുടെ ലിബറൽ ഡമോക്രാറ്റിക് പാർട്ടി (എൽഡിപി) ഭരണം തുടരുമെന്നാണു പ്രവചനം.
ടോക്കിയോ ഗവർണർ യൂറികോ കൊയ്കെയുടെ പുതിയ പാർട്ടിയും മുട്ടുകുത്തിയതോടെ എൽഡിപിയിൽനിന്നു പുറത്തു പോയവരുടെ കോൺസ്റ്റിറ്റ്യൂഷനൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാൻ (സിഡിപിജെ) മുഖ്യപ്രതിപക്ഷമായേക്കും.
ജപ്പാനുനേരെ ചീറിയടുക്കുന്ന ലാൻ കൊടുങ്കാറ്റിനു മുന്നോടിയായി കാലാവസ്ഥ മോശമായതോടെ 420 വിമാന സർവീസുകൾ റദ്ദാക്കി. വെള്ളപ്പൊക്കം രൂക്ഷമായ ഇടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. 70,000 കുടുംബങ്ങൾക്ക് അപകട മുന്നറിയിപ്പു നൽകി. 5000 പേരോട് ഒഴിയാൻ ആവശ്യപ്പെട്ടു.
മണിക്കൂറിൽ 216 കിലോമീറ്റർ വേഗത്തിൽ ഇന്നു രാവിലെയോടെ ടോക്കിയോ മേഖലയിൽ കാറ്റടിക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
ഇതിനിടെ, ആബെയുമായി അടുത്ത സൗഹൃദം പുലർത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നവംബർ അഞ്ചുമുതൽ ഏഴുവരെ ജപ്പാൻ സന്ദർശിക്കും.
2012 ഡിസംബറിൽ പ്രധാനമന്ത്രി പദത്തിലെത്തിയ ആബെ, അടുത്ത വർഷം സെപ്റ്റംബറിൽ നടക്കുന്ന പാർട്ടി തിരഞ്ഞെടുപ്പിലും നേതൃസ്ഥാനം നിലനിർത്തിയാൽ, ജപ്പാനിൽ ഏറ്റവുമധികം കാലം അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയാകും. സൈനിക കാര്യങ്ങളിൽ ഭരണഘടനാ ഭേദഗതി ഉൾപ്പെടെ നീക്കങ്ങൾക്ക് അദ്ദേഹം മുതിരുമെന്നും സൂചനയുണ്ട്.