ടോക്കിയോ∙ ജപ്പാനിൽ വൻ ഭൂരിപക്ഷം നേടിയ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷനായി പ്രധാനമന്ത്രി ഷിൻസോ ആബെയെ വീണ്ടും തിരഞ്ഞെടുത്തു. ഇതോടെ അടുത്ത മൂന്നുവർഷം കൂടി അദ്ദേഹത്തിനു പ്രധാനമന്ത്രിയായി തുടരാം. ഭരണഘടന പരിഷ്കരിക്കുന്നതിനു മുൻഗണന നൽകുമെന്നു വിജയത്തിനുശേഷം നടത്തിയ പ്രസംഗത്തിൽ ആബെ വ്യക്തമാക്കി.
ഈ വർഷംതന്നെ പുതിയ ഭരണഘടനയുടെ കരട് ചർച്ച തുടങ്ങും. 1947ൽ യുഎസ് രൂപംനൽകിയ ഭരണഘടനയിൽ അഴിച്ചുപണി വേണമെന്നതു ജപ്പാനിലെ പൊതുവികാരമാണെങ്കിലും പുതിയ ഭരണഘടന പാസ്സാക്കിയെടുക്കാനാവശ്യമായ വോട്ട് ആബെയ്ക്കു ലഭിക്കുമോയെന്നു വ്യക്തമല്ല.
നിലവിലുള്ള മന്ത്രിസഭയിൽ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നും ആബെ സൂചിപ്പിച്ചു. ജപ്പാന്റെ ഇപ്പോഴത്തെ ഭരണഘടനയനുസരിച്ചു രാജ്യാന്തര തർക്കങ്ങളിൽ ബലംപ്രയോഗിക്കാൻ സൈന്യത്തിന് അധികാരമില്ല.
2012 ഡിസംബർ മുതൽ ആബെ പ്രധാനമന്ത്രിയാണ്. മൂന്നാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടതിനാൽ നിലവിൽ 2021 ഓഗസ്റ്റ് വരെ അദ്ദേഹത്തിനു തുടരാം. ടേം പൂർത്തിയാക്കാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയാകും ആബെ.