മുംബൈ∙ സൂപ്പർഹിറ്റ് പരസ്യകലാചിത്രങ്ങളുമായി ഇന്ത്യൻ പരസ്യലോകത്തു നിറഞ്ഞുനിന്ന അലിക് പദംസി (90) അന്തരിച്ചു. സംസ്കാരം ഇന്നുച്ചയ്ക്കു 12 ന് വർളിയിൽ. പ്രമുഖ തിയറ്റർ കലാകാരനും നടനുമായിരുന്നു. റിച്ചഡ് ആറ്റൻബറോയുടെ വിഖ്യാതമായ ‘ഗാന്ധി’ സിനിമയിൽ മുഹമ്മദ് അലി ജിന്നയായി വേഷമിട്ടു. എഴുപതിലേറെ നാടകങ്ങൾ സംവിധാനം ചെയ്തു. 2000ൽ പത്മശ്രീ ബഹുമതി ലഭിച്ചു. 1931 ൽ ഗുജറാത്തിലെ കച്ചിലെ ഖോജ മുസ്‍ലിം കുടുംബത്തിലായിരുന്നു പദംസിയുടെ ജനനം.
ജനഹൃദയം കീഴടക്കിയ പരസ്യങ്ങളിലൂടെ ബ്രാൻഡുകളെ പടുത്തുയർത്തിയ ‘ദൈവ’മായാണു പദംസി വിശേഷിക്കപ്പെട്ടിരുന്നത്. ലിന്റാസ് പരസ്യകമ്പനിയുടെ സിഇഒ ആയിരുന്നു. കമ്പനിയുടെ തെക്കേഷ്യമേഖല കോഓർഡിനേറ്ററായും സേവനമനുഷ്ഠിച്ചു. ലളിതാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുള്ള സർഫ് സോപ്പുപൊടി, വെള്ളച്ചാട്ടത്തിലെ പെൺകുട്ടിയുമായി ലിറിൽ സോപ്പ്, എംആർഎഫിന്റെ ‘മസിൽ മാൻ’, ബജാജ്, കാമസൂത്ര പരസ്യങ്ങൾ ഉൾപ്പെടെ നൂറിലേറെ ബ്രാൻഡുകൾക്കായുള്ള പദംസിയുടെ സൃഷ്ടികൾ സൂപ്പർഹിറ്റുകളായിരുന്നു. ‘എ ഡബിൾ ലൈഫ്’ ആത്മകഥയാണ്. പദംസിയുടെ നിര്യാണത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു.
പദംസി എന്ന പാഠപുസ്തകം
പ്രതാപ് സുതൻ (ചീഫ് ക്രിയേറ്റീവ് ഓഫിസർ, ബിഐടിഎം)
അവസാനിക്കാത്ത ആശയങ്ങളായിരുന്നു പരസ്യകലാലോകത്ത് അലിക് പദംസിയുടെ കരുത്ത് ചാർലി ചാപ്ലിൻ വീണ്ടുമെത്തിയ ചെറി ബ്ലോസം ഷൂ പോളിഷ് പരസ്യവും ലളിതാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സർഫ് എക്സൽ അലക്കുപൊടിയുടെ പരസ്യവുമെല്ലാം എങ്ങനെ മറക്കാൻ. അലിക് പദംസിക്കൊപ്പം പ്രവർത്തിച്ചിട്ടില്ലെങ്കിലും പലതവണ അടുത്ത് ഇടപഴകാനുള്ള സാഹചര്യമുണ്ടായി. 80കളിൽ കോളജ് പഠനകാലത്താണു അദ്ദേഹത്തിന്റെ പരസ്യങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്. വെള്ളച്ചാട്ടത്തിൽ പതഞ്ഞുപൊങ്ങിയ ലിറിൽ സോപ്പിന്റെ പരസ്യമെല്ലാം ഇന്നു പലർക്കും രസമുള്ള ഓർമ. ഹിന്ദുസ്താൻ ലീവറിന്റെ സർഫ് അലക്കുപൊടിക്കു നിർമ ഭീഷണിയായപ്പോഴാണു ലിന്റാസ് ഏജൻസിയുടെ മേധാവി അലിക് പദംസി ലളിതാജിയെ അവതരിപ്പിച്ചത്.
പക്ഷെ ആ പരസ്യത്തിന് ആദ്യം കമ്പനി സമ്മതം നൽകിയിരുന്നില്ല. നാൽപ്പതു കഴിഞ്ഞ അൽപ്പം തന്റേടിയായ വീട്ടമ്മയെ കഥാപാത്രമാക്കിയാൽ ജനങ്ങൾ തള്ളുമെന്നായിരുന്നു വാദം. പക്ഷെ പദംസിക്കു തന്റെ ആശയത്തിൽ പൂർണ വിശ്വാസമായിരുന്നു. പരസ്യം സൂപ്പർ ഹിറ്റുമായി. ഇന്നും പരസ്യലോകത്തെ പാഠപുസ്തകമാണ് ലളിതാജിയും പരസ്യവും. കേന്ദ്രസർക്കാരിന്റെ കുടുംബാസൂത്രണ പദ്ധതിക്കും സ്ത്രീധന വിരുദ്ധ പ്രചാരണത്തിനുമെല്ലാം അലിക് ഒരുക്കിയ പരസ്യങ്ങൾ ഏറെ ചർച്ചയായിരുന്നു. 90കളുടെ ആരംഭത്തിൽ അഹമ്മദാബാദിൽ മുദ്രാ കമ്യൂണിക്കേഷൻസിൽ ജോലി ആരംഭിച്ചപ്പോൾ ചെയർമാനായിരുന്ന എ.ജി. കൃഷ്ണമൂർത്തി മാതൃകയായി ചൂണ്ടിക്കാട്ടിയതും അലിക് പദംസിയെയും ലിന്റാസ് എന്ന കമ്പനിയെയും. അവതരണ രീതി, വേറിട്ട ആശയങ്ങൾ, അതിലുള്ള ആത്മവിശ്വാസം, പരസ്യലോകത്തെക്കുറിച്ചും മറ്റുമുള്ള അഗാധമായ അറിവ് എന്നിവയെല്ലാം അദ്ദേഹത്തെ വ്യത്യസ്തനാക്കി. പരസ്യലോകത്തിന് അദ്ദേഹം സമ്മാനിച്ച പൈതൃകം എക്കാലവും നിലനിൽക്കുമെന്നുറപ്പ്.