കുറവിലങ്ങാട് ∙ ജനൽ തുറക്കാൻ ശ്രമിച്ച അധ്യാപകൻ കോളജിന്റെ മൂന്നാം നിലയിൽ നിന്നു വീണു മരിച്ചു. ദേവമാതാ കോളജ് ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ മുട്ടുചിറ കുഴിവേലിൽ ജോർജ് തോമസാണു (45) മരിച്ചത്. സംസ്കാരം ഇന്നു മൂന്നിന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയിൽ.
അഴികളില്ലാത്ത ചില്ലു ജനാലയായിരുന്നു. തുറന്ന ജനാലയിലൂടെ കാൽവഴുതി 36 അടി താഴ്ചയിൽ മുറ്റത്തേക്കു വീഴുകയായിരുന്നു. ഇംഗ്ലിഷ് ബിരുദ, ബിരുദാനന്തര ബിരുദ വിഭാഗം ക്ലാസുകൾ കൈകാര്യം ചെയ്തിരുന്ന ജോർജ് തോമസ് ദിവസവും എട്ടരയോടെ കോളജിലെത്താറുണ്ട്. പ്രധാന കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഡിപ്പാർട്ട്മെന്റ്. രാവിലെ എത്തുമ്പോൾ വൈദ്യുതി ഇല്ലായിരുന്നു. ജനാലയുടെ വാതിൽ തള്ളിത്തുറക്കുന്നതിനിടെ കാൽവഴുതി കോൺക്രീറ്റ് ടൈലുകൾ വിരിച്ച തറയിലേക്കു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്തു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റു കിടന്ന അധ്യാപകനെ ഒരു വിദ്യാർഥിയാണ് ആദ്യം കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം നടക്കുന്ന സമയത്ത് മറ്റ് അധ്യാപകർ എത്തിയിരുന്നില്ല. തറയിൽ നിന്ന് ഏകദേശം മൂന്നര അടി ഉയരത്തിലാണ് ജനാല. ജനാലയുടെ വാതിൽ തള്ളിത്തുറക്കുന്നതിനിടെ മുന്നോട്ടാഞ്ഞതാകാം വീഴ്ചയ്ക്കു കാരണമെന്ന് മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗവും പറയുന്നു. പ്ലാശനാൽ വരിക്കപ്ലാക്കേൽ സ്മിതയാണ് ഭാര്യ. മക്കൾ: ദീപക് ജോർജ് തോമസ്, റോസ്മേരി തോമസ്, ക്രിസ് ആന്റണി തോമസ്. (മൂവരും കടുത്തുരുത്തി എസ്കെപിഎസ് സ്കൂൾ വിദ്യാർഥികൾ).