മുംബൈ∙ രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ പത്താം വാർഷികം നാളെ. 2008 നവംബർ 26നു കടൽ കടന്നെത്തിയ 10 പാക്ക് ഭീകരർ മുംബൈയെ തോക്കിൻമുനയിൽ നിർത്തി നടത്തിയ കിരാതവേട്ടയിൽ ജീവൻ നഷ്ടപ്പെട്ടതു 166 പേർക്ക്. പരുക്കേറ്റത് അറുനൂറിലേറെപ്പേർക്കും.
എകെ 47 തോക്കുകളും ഗ്രനേഡുകളും വലിയ തോതിൽ ആർഡിഎക്സ് ശേഖരവുമായി പാക്ക് ഭീകരർ തെരുവുകളിൽ തീ തുപ്പുകയായിരുന്നു.
മൂന്നു ദിവസത്തോളം നഗരം അവർ കൈപ്പിടിയിലാക്കി. യുഎസ്സിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ അനുസ്മരിപ്പിച്ച ആക്രമണം.
58 മണിക്കൂർ ഏറ്റുമുട്ടലിനൊടുവിൽ 9 ഭീകരരെ വധിച്ചു. കൊടുംഭീകരൻ അജ്മൽ കസബിനെ ജീവനോടെ പിടികൂടി. ലോകത്തിനു മുന്നിൽ പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങൾ തുറന്നുകാട്ടാനും സ്ഥാപിക്കാനും കസബ് നിമിത്തമായി. 2012 നവംബറിൽ പുണെ യേർവാഡ ജയിലിൽ കസബിനെ തൂക്കിലേറ്റി.
സുരക്ഷാ പാഠം
2008ൽ ഡൽഹിക്കടുത്ത് മനേസറിലെ ആസ്ഥാനത്തു നിന്ന് എൻഎസ്ജി സംഘം മുംബൈയെത്താൻ ആറു മണിക്കൂറിലേറെയാണ് എടുത്തത്.
26/11ൽ നിന്നു പാഠമുൾക്കൊണ്ട് മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിൽ എൻഎസ്ജി യൂണിറ്റുകൾ തുടങ്ങി. രഹസ്യാന്വേഷണ ഏജൻസികളുടെ വിവരങ്ങൾ ഏകോപിപ്പിക്കാൻ നാഷനൽ ഗ്രിഡ് ഓഫ് ഇന്റലിജൻസ് ഏജൻസീസ് (നാറ്റ്ഗ്രിഡ്) ആരംഭിച്ചു.
സംസ്ഥാന പൊലീസ് സംഘങ്ങൾക്ക് എൻഎസ്ജി പരിശീലനം നൽകി. ഭീകര വിരുദ്ധ സേന (എടിഎസ്) എല്ലാ സംസ്ഥാനങ്ങളിലും ശക്തമാക്കി. കടലിലെ സുരക്ഷയും നിരീക്ഷണവും വലിയ തോതിൽ വർധിപ്പിച്ചു. 10 വർഷത്തിനിടെ ഇന്ത്യൻ തീരദേശ സേനാ കപ്പലുകൾ 74ൽ നിന്ന് 134 ആയി. ചെറുവിമാനങ്ങൾ 44ൽ നിന്ന് 58.