ജയ്പുർ ∙ കാർഷിക കടാശ്വാസവും സ്ത്രീകൾക്കും പെൺകുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസവും യുവാക്കൾക്കു തൊഴിലും ഉറപ്പു നൽകി രാജസ്ഥാനിൽ കോൺഗ്രസ് പ്രകടന പത്രിക. അധികാരത്തിലേറിയാൽ 10 ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നടപ്പാക്കുമെന്നു പത്രിക പുറത്തിറക്കിക്കൊണ്ടു പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ്, മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവർ പറഞ്ഞു.
കൃഷി ഉപകരണങ്ങളെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കും. യുവജനങ്ങൾക്കു തൊഴിലും തൊഴിൽരഹിതരായവർക്കു 3500 രൂപ വേതനവും നൽകും. പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണമായി സൗജന്യമാക്കും. ത്രിതല പഞ്ചായത്തുകളിൽ മൽസരിക്കുന്നതിനു മുൻ സർക്കാർ കൊണ്ടുവന്ന കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതാ നിയന്ത്രണം നീക്കം ചെയ്യും. പൊതുജനങ്ങളിൽനിന്നു നിർദേശങ്ങൾ സ്വീകരിച്ചാണു പ്രകടന പത്രിക തയാറാക്കിയതെന്നു സച്ചിൻ പൈലറ്റ് പറഞ്ഞു.