Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷ ഐക്യത്തിന് കർഷകരെ കൂട്ടുപിടിച്ചു കോൺഗ്രസ്

Farmers-Protest

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർഷക ദുരിതം മുഖ്യ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ്. അധികാരത്തിലേറിയാൽ കർഷക വായ്പ എഴുതിത്തള്ളുമെന്നതായിരിക്കും പാർട്ടിയുടെ മുഖ്യവാഗ്ദാനം. രാജ്യത്തെ കാർഷിക പ്രതിസന്ധി ഉയർത്തിക്കാട്ടി മറ്റു പ്രതിപക്ഷ കക്ഷികളെ ബിജെപിക്കെതിരെ അണിനിരത്താൻ കോൺഗ്രസ് മുൻകയ്യെടുക്കും.

കർഷക റാലിയിൽ തൃണമൂൽ, സമാജ്‍വാദി പാർട്ടി, സിപിഎം, സിപിഐ, ആം ആദ്മി പാർട്ടി, നാഷനൽ കോൺഫറൻസ്, എൻസിപി, ലോക്താന്ത്രിക് ജനതാദൾ നേതാക്കൾക്കൊപ്പം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വേദി പങ്കിട്ടത് ഇതിന്റെ ആദ്യപടിയാണ്. പ്രതിപക്ഷ നേതാക്കൾ കേന്ദ്രത്തിനെതിരെ ഒരേസ്വരത്തിൽ ആഞ്ഞടിച്ചതു വരാനിരിക്കുന്ന കൂട്ടായ്മയുടെ സൂചനയാണെന്നു കോൺഗ്രസ് വിലയിരുത്തുന്നു.

റഫാൽ, നോട്ട് നിരോധനം, ജിഎസ്ടി വിഷയങ്ങളിൽ സംയുക്ത പ്രക്ഷോഭത്തിനു പ്രതിപക്ഷ കക്ഷികളിൽ പലതും തയാറാവാത്തതിന്റെ പശ്ചാത്തലത്തിലാണു പ്രബല വോട്ട് ബാങ്ക് ആയ കർഷകർക്കു പിന്നിൽ അണിനിരക്കാനുള്ള കോൺഗ്രസ് നീക്കം. പ്രതിപക്ഷ നിരയിൽ ചേരാൻ വിമുഖത കാണിക്കുന്ന ബിഎസ്പി നേതാവ് മായാവതി കർഷക വിഷയത്തിൽ ഒപ്പം നിൽക്കുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ.

ഐക്യത്തിലേക്കുള്ള അടുത്ത പടിയായി ഈ മാസം പത്തിനു പാർലമെന്റിൽ പ്രതിപക്ഷ കക്ഷികൾ സംയുക്ത യോഗം ചേരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടുന്നതിനുള്ള തന്ത്രങ്ങൾക്ക് അന്നു പ്രാഥമിക ധാരണയുണ്ടാക്കും. 11ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ മറ്റു കക്ഷികൾക്കൊപ്പം കർഷക വിഷയം ഒറ്റക്കെട്ടായി ഉന്നയിക്കുന്നതിന്റെ സാധ്യതകളും കോൺഗ്രസ് തേടുന്നുണ്ട്.