Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐക്യം, രോഷം; കർഷക സമരവേദിയിൽ പ്രതിപക്ഷ കക്ഷികളുടെ സംഗമം

farmers-rahul ജയ് കിസാൻ: ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ കിസാൻ മുക്തി മാ‌ർച്ചിനെത്തിയ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന പ്രതിപക്ഷ കക്ഷി നേതാക്കൾ. സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍‌രിവാൾ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, സിപിഐ നേതാവ് ഡി.രാജ തുടങ്ങിയവർ മുൻനിരയിൽ. ചിത്രം: ജെ. സുരേഷ് ∙ മനോരമ

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരെ കർഷകർ തുടങ്ങിവച്ച സമരം ആളിക്കത്തിച്ചു പ്രതിപക്ഷം. രാജ‌‌്യതലസ്ഥാനത്തെ മണിക്കൂറുകൾ നിശ്ചലമാക്കിയ കർഷക റാലിക്കൊടുവിൽ, രാഷ്ട്രീയ വ്യ‌ത്യാസങ്ങൾ മറന്ന് പ്രധാന പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചെത്തി.  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഡൽഹി മുഖ്യമന്ത്രിയായ ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കേജ്‌‌രിവാളും വരെ ഒരേ വേദിയിൽ അണിനിരന്നതു സമരത്തിൽ അപ്രതീക്ഷിത വഴിത്തിരിവായി.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, നാഷനൽ കോൺഫറൻസ് നേ‌താവ് ഫാറൂഖ് അബ്ദുല്ല, സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി, സെക്രട്ടറി ഡി. രാജ, എൽജെഡി അധ്യക്ഷൻ ശരദ് യാദവ് തുടങ്ങിയവരും കൈകോർത്ത സമരവേദിയിലേക്ക് എസ്പിയും ടിഡിപിയും തൃണമൂൽ കോൺഗ്രസും പ്രതിനിധികളെ അയച്ചു. ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ ആശംസ അറിയിച്ചു. ബിഎസ്പി പ്രതിനിധികൾ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയം.

വ്യാഴാഴ്ച രാംലീല മൈതാനത്ത് എത്തിയ 35,000 കർഷകർ ഇന്നലെ പത്തരയോടെ പാർലമെന്റ് പരിസരത്തേക്കു നടത്തിയ മാർച്ച് പൊലീസ് ആദ്യം തടഞ്ഞെങ്കിലും പിന്നീട് അയഞ്ഞു. 

ചർച്ചകൾക്കൊടുവിൽ നിബന്ധനകളോടെ ജന്തർമന്തറിനു സമീപത്തേക്കു പ്രവേശനാനുമതി നൽകി. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ (എഐകെഎസ്‌സിസി) നേതൃ‌ത്വത്തിൽ 24 സംസ്ഥാനങ്ങളിൽനിന്നായി 208 കർ‌ഷക സംഘടനകളുടെ പ്രവർത്തകരാണെത്തിയത്. എം.എസ്. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക, കർഷക ബില്ലുകൾ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുക, കർഷക ആത്മഹത്യ തടയാൻ നടപടി സ്വീകരിക്കുക, വിളകൾക്കു താ‌ങ്ങുവില ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.