പ്രിയപ്പെട്ടവരുടെ ഓർമകളിൽ അവർ സമരമുഖത്ത്; 8 തലയോട്ടികളുമായി തിരുച്ചിയിലെ കർഷകർ

ഇന്നു നീ, നാളെ ഞാൻ... കൃഷി ഇവർക്കു ജീവിതമാണ്. വിലത്തകർച്ചയും മാറിമറിയുന്ന കാലവസ്ഥയും അവരിൽ പലരുടെയും ജീവനും ജീവിതവും കവർന്നുകഴിഞ്ഞു. ഇനിയും കർഷക ആത്മഹത്യകളിലേക്കു ‍ഞങ്ങളെ തള്ളിയിടരുതെന്ന വിലാപവുമായി, ആത്മഹത്യ ചെയ്ത കർഷകരുടെ തലയോട്ടികളും പേറി ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ–ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ കിസാൻ മുക്തി മാ‌ർച്ചിനെത്തിയവർ. ഡൽ‌ഹി പാർലമെന്റ് സ്ട്രീറ്റിനു സമീപത്തെ കാഴ്ച. ചിത്രം: മനോരമ

ന്യൂഡൽഹി ∙ സർവവും നഷ്ടപ്പെട്ടു മരണത്തോടടുത്തവർ മാത്രമല്ല, കാർഷികവൃത്തി ഉപജീവനമാർഗമാക്കിയതിന്റെ പേരിൽ മരിക്കേണ്ടിവന്നവരുടെ ബന്ധുക്കളും പ്രിയപ്പെട്ടവരുടെ ഓർമകളിൽ കർഷക സമരത്തിനെത്തി. കട ബാധ്യത മൂലം ജീവനൊടുക്കിയ കർഷകരുടേതെന്ന് അവകാശപ്പെട്ട്, 8 തലയോട്ടികളുമായാണു തിരുച്ചിയിൽ നിന്നുള്ള കർഷകരെത്തിയത്.

‘പ്രതികൂല കാലാവസ്ഥയ്ക്കു പുറമേ, കുറഞ്ഞ താങ്ങുവിലയുമായി കേന്ദ്രസർക്കാരും ഞങ്ങളെ ചുറ്റിക്കുകയാണ്. സർക്കാർ ഞങ്ങളുടെ സർവസ്വവും കവർന്നു. അതിന്റെ പ്രതീകമായാണു വസ്ത്രങ്ങൾ ഉപേക്ഷിച്ചു സമരത്തിൽ പങ്കെടുക്കുന്നത്. – അടിവസ്ത്രം മാത്രമണിഞ്ഞു സമരത്തിനെത്തിയ ദക്ഷിണേന്ത്യ നദീ സംയോജന കർഷക സംഘം നേതാവ് ചെല്ലപ്പെരുമാൾ പറഞ്ഞു.

പത്തേക്കർ സ്ഥലമുണ്ടെങ്കിലും കൃഷിയിൽനിന്നു വരുമാനം നേടാൻ കഴിയാത്തയാളാണു താനെന്നു ചെല്ലപ്പെരുമാൾ പറയുന്നു. കാലികളെ വളർത്തിയാണു തുച്ഛമെങ്കിലും വരുമാനം കണ്ടെത്തുന്നത്. മറ്റുപലരുടെയും കാര്യം ഇതിലും ദരിദ്രമാണെന്നും ചെല്ലപ്പെരുമാൾ പറയുന്നു.