ചെന്നൈ∙ പെൺകുട്ടികൾ കിലുങ്ങുന്ന പാദസരമിട്ടു സ്കൂളിലെത്തുന്നത് ആൺകുട്ടികളുടെ ശ്രദ്ധ തെറ്റാൻ കാരണമാകുമെന്നു തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ.എ.സെങ്കോട്ടയ്യൻ. സ്കൂളിൽ കൊലുസ് ഇടരുതെന്നു വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയെന്ന റിപ്പോർട്ടിനെക്കുറിച്ചു മാധ്യമങ്ങൾ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. കുട്ടികൾ മോതിരം ധരിച്ചു ക്ലാസിലെത്തിയാൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. നഷ്ടപ്പെട്ടാൽ അതിന്റെ ആശങ്ക പഠനത്തെ ബാധിക്കും.
കിലുങ്ങുന്ന കൊലുസിന്റെ ശബ്ദം പഠനത്തിൽ നിന്ന് ആൺകുട്ടികളുടെ ശ്രദ്ധ തിരിയാൻ കാരണമാകും. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തന്റെ മണ്ഡലമായ ഗോപിച്ചെട്ടിപ്പാളയത്തു വിദ്യാർഥികൾക്കു സൗജന്യ സൈക്കിൾ വിതരണം ചെയ്യുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. അതിനിടെ, മന്ത്രിയുടെ നിലപാട് ലിംഗ സമത്വത്തിനെതിരാണെന്ന് ആരോപിച്ചു സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി.