ന്യൂഡൽഹി∙ ക്രിസ്റ്റ്യൻ മിഷേൽ നരേന്ദ്രമോദിക്കു രക്ഷയാകുമോ ? ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി 6 മാസം പോലുമില്ല. റഫാൽ ഇടപാടിൽ മോദി സർക്കാരിനെ വശം കെടുത്തിയ കോൺഗ്രസിനെ അതേ നാണയത്തിൽ നേരിടാൻ ഒരുങ്ങുകയാണു മോദി. ഇതോടെ അഴിമതി വീണ്ടും തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയമാകുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി ആക്രമിക്കുന്ന ആരോപണമാണു റഫാൽ ഇടപാടിൽ രാഹുൽ ഗാന്ധി ഉന്നയിച്ചത്. ഇപ്പോൾ മിഷേലിൽനിന്നു പുറത്തുവരും എന്നു നരേന്ദ്രമോദി പ്രതീക്ഷിക്കുന്നത് സോണിയ ഗാന്ധിക്കെതിരായ മൊഴിയാണ്.
പ്രതിരോധ ഇടപാടുകൾ മുൻപും തിരഞ്ഞെടുപ്പിൽ വിഷയമായിട്ടുണ്ട്. ബോഫോഴ്സ് ഉദാഹരണം. രാജീവ് ഗാന്ധിയുടെ പരാജയത്തിനും വി.പി. സിങ്ങിന്റെ വിജയത്തിനും അതിടയാക്കി. ഇപ്പോൾ മിഷേലിന്റെ ഡയറിക്കുറിപ്പുകൾ വിവാദമായതുപോലെ മുൻപ് ജെയ്ൻ ഹവാലക്കേസിൽ എസ്.കെ. ജെയ്നിന്റെ ഡയറിയും വൻ കോളിളക്കമുണ്ടാക്കിയതാണ്.
ഹവാല കേസുമായി സിബിഐ മുന്നോട്ടുപോയപ്പോൾ അന്നു പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു അതേപ്പറ്റി ഒന്നും പറയാൻ കൂട്ടാക്കിയില്ല. എന്നാൽ മോദി ഇപ്പോഴേ സോണിയ ഗാന്ധിയുടെ പേര് പരാമർശിച്ചുകഴിഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈയിൽ ക്രിസ്റ്റ്യൻ മിഷേൽ ഒരു കുറ്റസമ്മതത്തിൽ സോണിയ ഗാന്ധിയുടെ പേരു പരാമർശിച്ചിരുന്നു. എന്നാൽ, അതു തന്നെ നിർബന്ധിച്ചു പറയിപ്പിച്ചതാണെന്നും പിന്നീട് അയാൾ തിരുത്തി. 3600 കോടി രൂപയുടെ നടക്കാതെ പോയ ഇടപാടിൽ ആർക്കൊക്കെയാണ് 300 കോടി രൂപ കോഴപ്പണം നൽകിയതെന്ന് സിബിഐക്ക് ഇതുവരെ കണ്ടെത്താനുമായിട്ടില്ല.
ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രധാനമന്ത്രി മോദിയും ബിജെപിയും കൂടുതൽ പ്രതിരോധത്തിലാണ്. നോട്ട് നിരോധനം അടിച്ചേൽപ്പിച്ച സാമ്പത്തിക തളർച്ചയും ചരക്ക്, സേവന നികുതി ഉണ്ടാക്കിയ വിഷമതകളും രാജ്യത്തു പടരുന്ന കർഷക രോഷവും എങ്ങനെ മറികടക്കാം എന്ന ആലോചനയിലാണു കേന്ദ്രസർക്കാർ. ഒരു മിഷേൽ കൊണ്ട് അവ മായ്ക്കാനാൻ കഴിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു.