കോയമ്പത്തൂർ∙ ഭർത്താവ് ദുരഭിമാനക്കൊലയ്ക്കിരയായതിനെത്തത്തുടർന്നു ജാതിവെറിക്കെതിരെ ശക്തമായി നിലകൊണ്ടു ശ്രദ്ധേയയായ കൗസല്യ വീണ്ടും വിവാഹിതയായി. ജാതിവിവേചനത്തിനെതിരെയുള്ള ‘സ്വാഭിമാന’ വിവാഹം പ്രോൽസാഹിപ്പിക്കാൻ ഇതര ജാതിയിൽപ്പെട്ട പറ ഇശയ് (ചെണ്ടമേളം) കലാകാരൻ ശക്തിയെയാണു വിവാഹം കഴിച്ചത്. ഗാന്ധിപുരത്തു ലളിതമായ ചടങ്ങിൽ പരസ്പരം മാലയിട്ടു കല്യാണം.
പഴനി സ്വദേശിയായ കൗസല്യ പൊള്ളാച്ചിയിൽ വിദ്യാർഥിനിയായിരിക്കെയാണ് ഇതരജാതിയിൽപെട്ട ഉദുമൽപേട്ട സ്വദേശി ശങ്കറിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. കൗസല്യയുടെ വീട്ടുകാർ ബന്ധത്തെ ശക്തമായി എതിർത്തു. 2016 മാർച്ച് 13ന് ഉദുമൽപേട്ട ബസ് സ്റ്റാൻഡിനു സമീപം ഏതാനും പേർ ചേർന്നു ശങ്കറിനെ വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽ കൗസല്യയ്ക്കും പരുക്കേറ്റു. കേസിൽ കൗസല്യയുടെ അച്ഛൻ ചിന്നസ്വാമിയടക്കം 11 പേർ അറസ്റ്റിലായി. കോടതി ചിന്നസ്വാമിയടക്കം 6 പേർക്കു വധശിക്ഷ വിധിച്ചു.
ശങ്കറിന്റെ വീട്ടിൽ തുടർന്നു താമസിച്ചു സമൂഹികപ്രവർത്തനങ്ങൾ നടത്തുകയാണു കൗസല്യ. ഇതിനായി ശങ്കറിന്റെ പേരിൽ ട്രസ്റ്റുമുണ്ട്. ശങ്കറിന്റെ അച്ഛൻ വേലുസ്വാമി, മുത്തശ്ശി മാരിയമ്മാൾ, അനിയൻ വിഘ്നേഷ് തുടങ്ങിയവർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.
വിഷ്വൽ കമ്യൂണിക്കേഷൻ പഠനം പൂർത്തിയാക്കിയ ശക്തി 10 വർഷമായി നിമിർവ് എന്ന പേരിൽ സംഗീത ട്രൂപ്പ് നടത്തുകയാണ്.